മദ്യനയം; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും അനുകൂലിച്ചും സുപ്രീംകോടതി

single-img
20 August 2015

supreme courtന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ എന്തു കൊണ്ടാണ് ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍-വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതെന്ന് സുപ്രീംകോടതി. ബാറുകള്‍ പൂട്ടിയത് വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന ബാറുടമകളുടെ വാദവും കോടതി അംഗീകരിച്ചില്ല.

പകുതി മനസോയടെയാണോ സർക്കാർ മദ്യനയം നടപ്പാക്കിയതെന്ന് കോടതി. മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ചില നടപടികൾ കണ്ടാൽ പകുതി മനസോടെയാണ് ഇത് നടപ്പാക്കിയതെന്ന് തോന്നും. മദ്യ ഉപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് ബിയർ വൈൻ പാർലറുകൾ അനുവദിച്ചത്. ബിയർ പാർലറുകളും മദ്യത്തിന്റെ ഭാഗമല്ലേ എന്നും കോടതി ചോദിച്ചു.

ബിയര്‍-വൈന്‍ ലൈസന്‍സുകളും മദ്യനയത്തെ പരാജയപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ എന്തു കൊണ്ട് രംഗത്തുവന്നില്ല. മദ്യനയം തെറ്റെങ്കില്‍ ബിയര്‍-വൈന്‍ ലൈസന്‍സുകളും തെറ്റാണ്. സമ്പൂര്‍ണ മദ്യനിരോധനമെന്ന സര്‍ക്കാറിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതല്ല ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സെന്ന് കോടതി പറഞ്ഞു.

വിദേശമദ്യം വിളമ്പുന്നുണ്ടോ എന്ന് നോക്കിയിട്ടല്ല വിനോദസഞ്ചാരികള്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ബിയറും വൈനും വിദേശമദ്യം പോലെത്തന്നെ വീര്യമുള്ളതാണെന്ന ബ്രിട്ടനിലെ ദേശീയ ആരോഗ്യസര്‍വീസിന്റെ കണ്ടെത്തല്‍ ബാറുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടും തുല്യവീര്യമുള്ളതാണെങ്കില്‍ പിന്നെ ബാറുടമകള്‍ എന്തിനാണ് പരാതി പറയുന്നതെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു.

സ്‌കൂള്‍ കുട്ടികളും യുവാക്കളും ധാരാളമായി ബാറുകളില്‍ കയറുന്നുവെന്നത് നിരോധനത്തിനുള്ള പൊതുജന സമ്മര്‍ദത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയം രൂപവത്കരിച്ചത് അതുകൊണ്ടായിരിക്കും. പത്തു കൊല്ലത്തിനുള്ളില്‍ പൂര്‍ണമായി നിരോധിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കരുതിക്കൂടേയെന്നും കോടതി ചോദിച്ചു. കേരളത്തിന്റെ വാദം വ്യാഴാഴ്ച നടക്കും.