ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടു

single-img
20 August 2015

sanjeev-bhattഅഹ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് നീക്കി. 2011 മുതല്‍ സസ്പെന്‍ഷനിലുള്ള ഭട്ടിനെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ്  പിരിച്ചുവിട്ടത്.

തന്നെ പുറത്താക്കി എന്നത് സത്യമാണെന്ന് സഞ്ജീവ് ഭട്ട് സ്ഥിരീകരിച്ചു. ഇത് പ്രതീക്ഷിച്ചതാണ്. ഏകപക്ഷീയമായ അന്വേഷണമാണ് അവര്‍ നടത്തിയത്. പുറത്താക്കിക്കൊണ്ടുള്ള കത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും തനിക്ക് ലഭിച്ചെന്നും ഭട്ട് പി.ടി.ഐയോട് പറഞ്ഞു. സഞ്ജീവ് ഭട്ടിനെ പുറത്താക്കിയതായി ഗുജറാത്ത് ചീഫ് സെക്രട്ടറി ജി.ആര്‍ അലോറിയയും വ്യക്തമാക്കി.

തന്നെ പിരിച്ചുവിട്ടതായി ഭട്ട് ഫേസ്ബുക്കിലൂടെയും അറിയിച്ചു. ’27 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിരിക്കുന്നു. ഇപ്പോഴും ജോലിക്ക് യോഗ്യനാണ്. ആരെങ്കിലുമുണ്ടോ ജോലി തരാന്‍’ സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ കുറിച്ചു.

1988 ബാച്ചിലെ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാറിന്‍െറ നോട്ടപ്പുള്ളിയാകുന്നതും.