ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലേക്ക് പോകുന്നതിന് ധനം സമാഹരിക്കാന്‍ ബാബുരാജ് വേമ്പനാട് കായല്‍ കുറുകേ നീന്തിക്കടന്നു

single-img
19 August 2015

baburaj

ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലേക്ക് പോകുന്നതിന് ധനം സമാഹരിക്കാന്‍ കുമരകം കൈനകരി തയ്യില്‍ ബാബുരാജ് (50) വേമ്പനാട് കായല്‍ കുറുകേ നീന്തിക്കടന്നു. കഴിഞ്ഞ ദിവസം രാവിലെ 7.15ന് കുമരകത്തുനിന്നു നീന്തി തുടങ്ങിയ ബാബുരാജ് 10 കിലോമീറ്ററിലധികം ദൂരം പിന്നിട്ട് മുഹമ്മയിലെത്തി.

റഷ്യയില്‍ അടുത്തമാസം 26 മുതല്‍ ഒക്‌ടോബര്‍ മൂന്നുവരെ നടക്കുന്ന ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തു വിജയം നേടാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ബാബുരാജ് വേമ്പനാട്ടു കായല്‍ കുറുകെ നീന്തിയത്. നാലുലക്ഷം രൂപ ചെലവുവരുമെങ്കിലും സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചിട്ടില്ല. വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയുള്ള ഭാഗം നീന്തിക്കടന്നു ധനം ശേഖരിക്കുകയാണു ലക്ഷ്യം. 50,100,200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലും മത്സരിക്കാനാണ് ബാബുരാജിന് അവസരം ലഭിച്ചിരിക്കുന്നത്.

ആലപ്പുഴ എല്‍ഐസി ബ്രാഞ്ച് ഏജന്റാണ് ബാബു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരത്തില്‍നിന്നു വീണാണു ബാബുരാജിന്റെ കൈക്കു പരിക്കേറ്റ് ശാരീരിക ന്യൂനത ഉണ്ടായത്. മഹിളാ പ്രധാന്‍ ഏജന്റായ ഷീബ ഭാര്യയും ശിവശങ്കര്‍, ഉമാശങ്കര്‍ എന്നിവര്‍ മക്കളുമാണ്. നീന്തല്‍ പരിശീലിപ്പിച്ചത് ജോഷി കൈനകരിയാണ്.