സാഹസികതയും കാഴ്ചയും കൈകോര്‍ക്കുന്ന ഒരു വനയാത്ര

single-img
19 August 2015

02

രാവിലെ എട്ട് മണിക്ക് തുടങ്ങി ജീപ്പില്‍ നിബിഡ വനത്തിലൂടെ 61 കിലോമീറ്റര്‍ സഞ്ചരിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഒരു അവിസ്മരണീയ യാത്ര. മനംകവരുന്ന കാഴ്ചകള്‍ക്കിടയില്‍ കൊക്കാത്തോട്ടില്‍ നിന്നും ഉച്ചഭക്ഷണവും അടവിയില്‍ ഒരു കുട്ടവഞ്ചി സവാരിയും. സഹാസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി കാട്ടാത്തി- ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ജീപ്പ് സഫാരി ഒരു വത്യസ്ത അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രത്യേകം തയ്യാറാക്കിയ ജീപ്പുകളിലൂടെ നിബിഡ വനത്തിലൂടെ 61 കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടത്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് നാലു മണിയോടെ അവസാനിക്കും. യാത്ര ആരംഭിക്കുന്നത് കോന്നി ആനത്താവളത്തില്‍ നിന്നുമാണ്. അവിടെ നിന്നും പുറപ്പെടുന്ന ജീപ്പ് നടുവത്തുമൂഴി, കാട്ടാത്തിപ്പാറ, കൊക്കാത്തോട്, കൊട്ടംപാറ, കുറിച്ചി ക്ഷേത്രം, നെല്ലിക്കപ്പാറ, തലമാനം, മണ്ണീറ, അടവി വഴി പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.
61 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവം പകരുന്ന കാഴ്ചകളായിരിക്കുമുണ്ടാകുക. മലമ്പണ്ടാര ഗോത്രസമൂഹത്തിന്റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാട്ടാത്തിപ്പാറയിലെ നയനസുന്ദരമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവചമാകും. അച്ചന്‍കോവില്‍ നദീതട സംസ്‌കാരത്തിന്റെയും പ്രാചീന സംസ്‌കൃതിയുടെയും തിരുശേഷിപ്പുകളോട സ്ഥിതി ചെയ്യുന്ന വനാന്തര്‍ഭാഗത്തെ പുരാതന ക്ഷേത്രമായ കുറിച്ചി ക്ഷേത്രം മറ്റൊരാകര്‍ഷണമാണ്.

ഹൃദയത്തില്‍ തട്ടുന്ന മനോഹരമായ ദൂരക്കാഴ്ചയാണ് നെല്ലിക്കപ്പാറ വ്യൂ പോയിന്റും സഞ്ചാരികളെ ആകര്‍ഷിക്കും. ഇവിടെയും അച്ചന്‍കോവില്‍ നദീതട സംസ്‌കാരത്തിന്റെ ഭാഗങ്ങള്‍ കാണാം. തലമാനം വനഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന കാട്ടരുവിയിലെ മണ്ണീറ വെള്ളച്ചാട്ടവും മറക്കാനാകാത്ത കാഴ്ചകളില്‍ ഒന്നാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഉച്ച ഭക്ഷണത്തിന് കൊക്കാത്തോട്ടില്‍ ടൂറിസം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. ജീപ്പില്‍ വനയാത്ര നടത്തിയെത്തുന്നവര്‍ക്ക് അടവിയിലെ കുട്ടവഞ്ചി സവാരി ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഒരു ജീപ്പിന് 3,000 രൂപയാണ് ചാര്‍ജ്. കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന് ആസ്വദിക്കാവുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വനം വന്യജീവി വകുപ്പിന് കീഴിലുള്ള കോന്നി വനവികാസ് ഏജന്‍സിക്കാണ് യാത്രയുടെ ചുമതല.