ഇന്ന് മലയാളി മറന്നു തുടങ്ങിയ അത്തം; വര്‍ഷങ്ങള്‍ക്കു ശേഷം തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു ഓര്‍മ്മ മാത്രമായി മാറുന്ന ഓണനാളുകളുടെ ആരംഭം

single-img
19 August 2015

29tvko-Atham_jp_29_2083593f

കേരളീയരുടെ ജീവിതത്തില്‍ മറക്കാനാകാത്ത ഗൃഹാതരത്വത്തിന്റെ ദിനമാണ് ഇന്ന്. പൊന്നോണത്തിന്റെ വരവറിയിച്ച് മുറ്റത്ത് പൂക്കളങ്ങള്‍ ഒരുക്കിത്തുടങ്ങുന്ന ദിനം. തുളസിയിലയും തുമ്പപ്പൂവും പാടത്തും പറമ്പിലുമിറങ്ങി ശേഖരിച്ച് അത്തപ്പൂക്കളമൊരുക്കുന്ന ചിങ്ങത്തിലെ അത്തം നാള്‍. ഇനി പത്തു നാളുകള്‍ ചെല്ലുമ്പോള്‍ മലയാളിയുടെ മലയാളിയുടെ മഹോത്സവമായ തിരുവോണനാളും.

എന്നാല്‍ ഇന്ന് അത്തമാണെന്ന് പലര്‍ക്കും അറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനിടയിലും ഓണപ്പൂക്കളമൊരുക്കാന്‍ തുമ്പപ്പൂവും വാടാമുല്ലയും ഇല്ലെങ്കിലും ഗ്രാമീണരായ കേരളീയര്‍ ഇന്നുമുതല്‍ ഭവനങ്ങളുടെ മുന്നിലും സ്ഥാപനങ്ങളുടെ മുന്നിലും പൂക്കളം ഒരുക്കുന്നുണ്ട്. കലാ-സാംസ്‌കാരിക കേന്ദ്രങ്ങളുടെ മുന്നിലും അത്തപ്പൂക്കളം ഒരുങ്ങും. ഇന്നുമുതല്‍ തിരുവോണ ദിനം വരെ വിവിധ തരത്തിലുള്ള വര്‍ണപൂക്കളങ്ങള്‍ ഒരുക്കി നയന മനോഹരമാക്കും. പൂക്കളുടെ അഭാവത്തില്‍ അതില്‍ പലതും ഉപ്പില്‍ കളര്‍ പൂശിയതായിരിക്കുമെന്നുള്ളതാണ് സത്യം.

പൂ വിപണയിലെ ചാകര തേടി ഇക്കുറിയും അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപാരികള്‍ പ്രതീക്ഷയോടെ പല കേന്ദ്രങ്ങളിലും തമ്പടിച്ചുകഴിഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് ഇതര വ്യാപാരശാലകള്‍ക്ക് മുന്നിലും ആവശ്യമായ സാധനങ്ങള്‍ എത്തിതുടങ്ങി.

ഓണം പടിവാതില്‍ക്കല്‍ എത്തിയതോടെ മിക്ക കടകളിലും ഓഫറുകളുടെ പൂരവും ആരംഭിച്ചിട്ടുണ്ട്. ഓണാഘോഷങ്ങള്‍ക്കായി മാവേലിയുടേയും പുലികളുടേയും കരടിയുടേയും മുഖംമൂടികളുള്‍പ്പെടെയുള്ളവ വിപണികളില്‍ തയ്യാറായിക്കഴിഞ്ഞു. വന്‍ ഡിസ്‌കൗണ്ട് വില്‍പ്പനയും വ്യാപാരശാലകളില്‍ ആരംഭിച്ചിട്ടുണ്ട്.

ഇനിയുള്ള ദിനങ്ങള്‍ ഓണദിനങ്ങളാണ്. വസ്ത്രവ്യാപാര ശാലകളിലും ഓണത്തിരക്കേറിയിട്ടുണ്ട്. വീട്ടമ്മമാര്‍ ഓണവിവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും. ഓണസദ്യയ്ക്ക് ആവശ്യമായ കായ് വറുത്തതും ഉപ്പേരിയും അച്ചാറും എല്ലാം ഇനി വീടുകളില്‍ സുലഭം. ഒരുപക്ഷേ ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ മലയാളിയുടെ സുഖമുള്ള ഓര്‍മ്മയും കുട്ടികള്‍ക്ക് ഒരു കഥയുമായി മാത്രം മാറേണ്ടി വരുന്ന ഈ ഓണനാളുകള്‍ നമുക്കും ആഘോഷിക്കാം, കഴിയുന്നപോലെ.