കനത്ത മൂടല്‍ മഞ്ഞുമൂലം ലാന്റ്‌ചെയ്യാനാകാതെ ഇന്ധനം തീര്‍ന്ന് 155 യാത്രക്കാരുമായി അപകടത്തിലേക്ക് കുതിച്ച വിമാനം മലയാളി പൈലറ്റ് മനോജ് രാമവാര്യര്‍ സാഹസികമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി

single-img
19 August 2015

23_big

ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചത്, അതിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടവയിട്ടില്ലാത്ത ഒരവസ്ഥയ്ക്കായിരുന്നു. വിമാനത്താവളത്തിനു മുകളില്‍ മൂടല്‍ മഞ്ഞുകാരണം ഇറങ്ങാനാകാതെ 155 യാത്രക്കാരുമായി വട്ടമിട്ടു പറന്ന വിമാനത്തില്‍ നിന്നും അവസാന സന്ദേശമായ ‘മേയ് ഡേ’ വിമാനത്താവളത്തിലെത്തി. അടിയന്തിര സജ്ജീകരണങ്ങളൊരുക്കി സംസ്ഥാനമൊന്നാകെ ജാഗ്രതയോടെ നിന്ന നിമിഷങ്ങള്‍. ഒടുവില്‍ വിമനത്തിന്റെ പൈലറ്റും മലയാളിയുമായ മനോജ് രാമവാര്യര്‍ മനോധൈര്യം കൈവിടാതെസാഹസികമായി വിമാനം ഭൂമിയില്‍ തൊടീച്ചപ്പോള്‍ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കറുതിയായി സംസ്ഥാനം ദീര്‍ഘനിശ്വാസമുതിര്‍ത്തു.

ഇന്നലെ രാവിലെ 6.50നായിരുന്നു സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് കനത്ത മൂടല്‍മഞ്ഞായതിനാല്‍ കൊച്ചിയില്‍ ഇറങ്ങാന്‍ സാധിക്കാതെ തിരുവനന്തപുരത്തേക്ക് വിടുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തും സ്ഥിതി അതുതന്നെയായിരുന്നു. കനത്ത മൂടല്‍മഞ്ഞുകാരണം തിരുവനന്തപുരത്തും ലാന്റിംഗ് ദുഷ്‌കരമായിരുന്നു. മാത്രമല്ല വിമാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറുമായിരുന്നു.

തിരുവനന്തപുരത്ത് വിമാനമിറങ്ങാതെ വീണ്ടും പറന്ന് മൂന്ന് തവണ ശ്രമിച്ചെങ്കിലും ലാന്റിംഗിനുള്ള ശ്രമം വിജയിച്ചില്ല. എന്നാല്‍ നാലാം തവണ ഇറങ്ങാന്‍ ശ്രമിക്കുന്ന സമയത്താണ് വിമാനത്തിന്റെ ഇന്ധനം തീര്‍ന്നുവരുന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. തുടര്‍ന്ന് മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് ‘മേയ് ഡേയ്’ എന്ന അവസാന സന്ദേശവുമറിയിക്കുകയായിരുന്നു.

സന്ദേശം സ്വീകരിച്ച എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനത്താവളത്തില്‍ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ അഗ്‌നിശമനസേന, ആംബുലന്‍സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ അധികൃതര്‍ ഒരുക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വിമാനകമ്പനി അധികൃതരെ കാര്യങ്ങള്‍ അറിയിച്ചു.

തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തില്‍ നിന്നും ആദ്യമായാണ് ‘മേയ് ഡേ’ സന്ദേശം ലഭിക്കുന്നത്. അധികൃതര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളെ അടിയന്തിര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിരുന്നു. വിമാനത്തിന്റെ ഇന്ധനം തീര്‍ന്നെങ്കിലും ആവുന്നത്ര പറന്ന് ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സന്ദേശം വിമാനത്തിലേക്ക് പോയി.

ഒടുവില്‍ മനോധൈര്യം കൈവിടാതെ പൈലറ്റ് മനോജ് രാമവാര്യര്‍ 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. നിലത്ത് ലാന്റ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഫ്യൂവല്‍ മീറ്ററില്‍ ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു എന്നുള്ളതായിരുന്നു സത്യം. വിമാനത്തിനുള്ളില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്ന 155 യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പൈലറ്റിനോട് നന്ദിപറയാന്‍ വാക്കുകളില്ലായിരുന്നു.

തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്നും 16,000 ലിറ്റര്‍ ഇന്ധനം വിമാനത്തില്‍ നിറച്ചശേഷം ഒന്‍പത് മണിയോടെ വിമാനം കൊച്ചിയിലേക്ക് യാത്രതിരിച്ചു.