ജാട്ട് വിഭാഗത്തില്‍പെട്ട യുവതിയെ പ്രണയിച്ച ദലിത് യുവാവിന്റെ സഹോദരിമാരെ ബലാത്സംഗം ചെയ്യാന്‍ ഖാപ് പഞ്ചായത്ത് ഉത്തരവിട്ടു

single-img
19 August 2015

rape3_090414065317_090414080644ലക്‌നോ: ജാട്ട് വിഭാഗത്തില്‍ പെട്ട യുവതിയുമായി ഒളിച്ചോടിയ ദലിത് യുവാവിന്റെ സഹോദരിമാരെ ബലാത്സംഗം ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഖാപ് പഞ്ചായത്ത് ഉത്തരവിട്ടു. ബാഗ്പത് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മാനഭംഗപ്പെടുത്തിയ ശേഷം ഗ്രാമത്തിലൂടെ വിവസ്ത്രരായി നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് 23 കാരി സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഉത്തരവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണിവര്‍. പരാതി ഫയലില്‍ സ്വീകരിച്ച കോടതി രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നോട്ടിസ് അയച്ചു.

തന്റെ സഹോദരനെതിരെ ഉയര്‍ത്തിയിരിക്കുന്ന പരാതി തെറ്റാണെന്നും യുവതിയുടെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലിസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. യുവതിയും സഹോദരനും പ്രണയത്തിലായിരുന്നു. എന്നാല്‍ ജാട്ട് വിഭാഗക്കാരായ ഇവര്‍ യുവതിയെ വേറെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ അവിടെ നിന്ന് ഒരു മാസം കഴിഞ്ഞ് യുവതി ദലിത് യുവാവിനൊപ്പം ഒളിച്ചോടി പോവുകയായിരുന്നു.

പിന്നീട് യുവതിയുടെ വീട്ടുകാരുടെ ശല്യം സഹിക്കാതെ ഇവര്‍ പൊലിസില്‍ കീഴടങ്ങി. യുവതിയെ വീട്ടുകാരോടൊപ്പം വിട്ട പൊലിസ് യുവാവിനെ മയക്കു മരുന്നു കേസില്‍ അകത്താക്കി. പെണ്‍കുട്ടിയുടെ പരാതി പരിശോധിക്കാനും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതാണോയെന്ന് നോക്കാനും കോടതി ഉത്തര്‍പ്രദേശ് പൊലിസിന് നിര്‍ദേശം നല്‍കി.