ബാറുകളില്‍ മദ്യം വിളമ്പുന്ന ജോലിയില്‍ നിന്നും സ്ത്രീകളെ വിലക്കരുതെന്ന് ഹൈക്കോടതി

single-img
19 August 2015

kerala-high-courtകൊച്ചി: ബാറുകളില്‍ മദ്യം വിളമ്പുന്ന ജോലിയില്‍ നിന്നും സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ബാറുകളില്‍ വെയ്റ്ററായി നിയമനത്തിന് സ്ത്രീകള്‍ക്ക് തടസ്സം ഉണ്ടാകരുതെന്നും ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ 2013-ല്‍ വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയിലൂടെ സ്ത്രീകളെ ബാറില്‍ മദ്യം വിളമ്പാന്‍ നിയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അതിനെതിരെ കട്ടപ്പന സ്വദേശിനി ധന്യമോളും തിരുവനന്തപുരം സ്വദേശിനി സോണിയ ദാസും സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രത്യേക പരിശീലനം ആവശ്യമുള്ളതാണ് ബാറിലെ വെയ്റ്റര്‍ ജോലി. അതില്‍ പരിശീലനം ലഭിച്ച യുവതീ യുവാക്കള്‍ക്ക് തൊഴിലവസരം നിഷേധിക്കരുതെന്ന് അനൂജ് ഗാര്‍ഗ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

അതേസമയം, ബാറുകളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് കൊണ്ടുവരുന്നതെന്ന് ചട്ടം ഭേദഗതി ചെയ്യുന്ന ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.