ഇന്ത്യയിൽ നാലര ലക്ഷം കോടിയുടെ നിക്ഷേപം നടത്താമെന്ന് യു എ ഇയിൽ നിന്നും ഉറപ്പ് ലഭിച്ചു:പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
18 August 2015

downloadദുബൈയില്‍ ഒരു മിനി ഇന്ത്യയെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രണ്ടു ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തിനെ അഭിസംബോധനചെയ്യുക ആയിരുന്നു .ദുബൈയിലെ പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണ്. ഇവിടെ താമസിച്ചു കൊണ്ട് പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനം വര്‍ധിപ്പിച്ചെന്നും ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രവാസികള്‍ ആഘോഷമാക്കിയെന്നും മോദി പറഞ്ഞു. മുപ്പത്തിനാല് വർഷത്തെ നീണ്ട ഇടവേള കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇയുടെ മണ്ണിലെത്തുന്നതെന്നും,​ എങ്കിലും ഇവിടത്തെ ഭരണാധികാരികൾ തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞുവെന്നും മോദി പറഞ്ഞു.ഭാരതത്തിൽ നാലര ലക്ഷം കോടിയുടെ നിക്ഷേപം നടത്താമെന്ന് യു എ ഇയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

ലോകം ഇന്ത്യയെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. യുവാക്കളുടെ രാജ്യമാണ് ഇന്ത്യ. 65 ശതമാനം ഇന്ത്യക്കാരും 35 വയസ്സില്‍ താഴെയുള്ളവരാണ്. ഇന്ത്യയില്‍ അവസരങ്ങള്‍ ഏറെയാണ്. പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് അറിയിക്കാനായി മദാദ് എന്ന ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്ന് മോദി അറിയിച്ചു.ലോകംനേരിടുന്ന പ്രധാന ഭീഷണിയായ തീവ്രവാദത്തിനെതിരെ ഇന്ത്യയും യു എ ഇയും ഒന്നിച്ചു നിൽക്കുമെന്നും,​ ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീർഘനാളത്തെ ആവശ്യത്തിന് പിന്തുണ നൽകാമെന്ന് യു എ ഇ അറിയിച്ചതായും മോദി പറഞ്ഞു.

തനിക്ക് യുഎഇയിലെ ജനങ്ങളില്‍ നിന്നും സ്‌നേഹവും ബഹുമാനവും ലഭിച്ചു അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ അല്‍ സയിദ് നഹ്യാന് എഴുന്നേറ്റ് നിന്ന് ആദരം അറിയിക്കാന്‍ എല്ലാ ഇന്ത്യക്കാരോടും മോദി ആവശ്യപ്പെട്ടു. നാഗാലൻറിലെ വിഘടനവാദപ്രശ്നങ്ങളെ സമാധാന പാതയിലൂടെ അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചും,​ ബംഗ്ളാദേശുമായുള്ള അതിർത്തി തർക്കം അവസാനിപ്പിക്കുവാൻ കഴിഞ്ഞതും പ്രധാന നേട്ടങ്ങളായി കാണണമെന്നുംപറഞ്ഞ മോദി,​ അയൽ രാജ്യങ്ങളിൽ മനുഷ്യത്വപരമായി ഇടപെടാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദുബൈയിലെ പ്രവാസി മലയാളികള്‍ക്ക് ചിങ്ങം 1 ന്റെ പുതുവത്സരം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മലയാളി സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ എന്ന് മോദി മലയാളത്തില്‍ പറഞ്ഞു.