ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോറ്റെങ്കിലും ലോക റാങ്കിങ്ങില്‍ ഒന്നാമത് സൈന തന്നെ

single-img
18 August 2015

saina-ap-m

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോറ്റെങ്കിലും ലോക റാങ്കിങ്ങില്‍ ഒന്നാമത് സൈന തന്നെ. ഫൈനലില്‍ ഇപ്പോഴത്തെ ഒന്നാം റാങ്കുകാരിയായ സ്‌പെയിനിന്റെ കരോളിന മാരിനോടു തോറ്റെങ്കിലും പുതിയ ലോക റാങ്കിങ്ങില്‍ മാരിനെ പിന്തള്ളി സൈന വീണ്ടും ഒന്നാമതെത്തും. ലോക ബാഡ്മിന്റണ്‍ ചാംപ്യനായെങ്കിലും കിരീടനേട്ടം മാരിന്റെ പോയിന്റ് നിലയില്‍ വ്യത്യാസമൊന്നും വരുത്തില്ല. 80,612 പോയിന്റാണ് സ്പാനിഷ് താരത്തിനുള്ളത്.

കഴിഞ്ഞ വര്‍ഷം ലോകചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പരാജയം രുചിച്ച സൈന ഇത്തവണത്തെ വെള്ളി നേട്ടത്തോടെ 3,600 പോയിന്റുകൂടി അധികം സ്വന്തമാക്കും. അതോടെ സൈനയുടെ ആകെ പോയിന്റ് നില 82,792 ആയി ഉയരുകയും വീണ്ടും ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും.

ഈ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് സൈന കരിയറിലാദ്യമായി ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. അഞ്ചാഴ്ചയോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന സൈന ഇത്തവണ കൂടുതല്‍ കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.