ഹജ്ജ് വിമാനങ്ങള്‍ കൃത്യത പാലിച്ചാല്‍ വിമാനജോലിക്കാര്‍ക്ക് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് വക 10,000 രൂപ സമ്മാനം

single-img
18 August 2015

AIrIndia Hajj

ഹജ്ജ് വിമാനങ്ങള്‍ കൃത്യത പാലിച്ചാല്‍ വിമാനജോലിക്കാര്‍ക്ക് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് വക 10,000 രൂപ സമ്മാനം. ഈ സീസണില്‍ ജോലിക്ക് കൃത്യസമയത്ത് റിപ്പോര്‍ട്ടുചെയ്യുകയും സീസണില്‍ വളരെ കുറച്ച് അവധിയെടുക്കുകയും ചെയ്യുന്ന ജോലിക്കാരെയാണ് ഈ സമ്മാനത്തിനായി പരിഗണിക്കുക.

എയര്‍ ഇന്ത്യ സര്‍വീസുകള്‍ വിമാനജോലിക്കാരുടെ കുറവ് മൂലം താമസിക്കുന്നത് നിത്യസംഭവമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 800 ജോലിക്കാരെ താല്‍ക്കാലികമായി നിയമിക്കുന്ന നടപടികള്‍ പുരോഗമിക്കവേയാണ് അവരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സമ്മാനവും പ്രഖ്യാപിച്ചിരിക്കുന്നത്. ഹജ്ജ് സീസണ്‍ പ്രമാണിച്ച് ഡല്‍ഹി, ശ്രീനഗര്‍, മുംബൈ, കൊച്ചി, ഹൈദരാബാദ്, പനാജി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും 230 പ്രത്യേക ഹജ് വിമാന സര്‍വീസുകള്‍ നടത്താനാണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്.

ഓഗസ്റ്റ് 16 ന് ആരംഭിച്ച് സെപ്തംബര്‍ 17 വരെ തുടരുന്ന വിമാനസര്‍വ്വീസുകള്‍ 38,000 ഹാജിമാരെ രണ്ട് ഘട്ടങ്ങളായി നടത്തുന്ന സര്‍വീസുകള്‍ ജിദ്ദയിലെത്തിക്കും. ഹജ്ജ് കഴിഞ്ഞ ഹാജിമാരെ ജിദ്ദയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 28 വരെയും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും.