പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തവരുടെ ദേഹത്തു കൂടി ട്രക്ക് കയറ്റി കൊലപ്പെടുത്തി

single-img
18 August 2015

Chandigarh-Truck

image credits: TOI

ചണ്ഡിഗഡ്: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തവരുടെ ദേഹത്തു കൂടി ട്രക്ക് കയറ്റി കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിയായ ശര്‍മ ചൗധരി(23)യാണ് വഴിയരികില്‍ ഉറങ്ങിക്കിടന്ന എട്ടു പേരുടെ ദേഹത്തിലൂടെ ട്രക്കോടിച്ചു കയറ്റിയത്. അഞ്ചു പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാജസ്ഥാന്‍ സ്വദേശികളായ ഇവരില്‍ നാലു പേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ജസ്സു റാം (55), നഥാ റാം (18), ജഗ്ദീഷ് (23), സര്‍ദാരാ സിങ് (31) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരിന്ദര്‍ യാദവാണ് (25) മരിച്ച അഞ്ചാമന്‍.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അപകടം വരുത്തിയ ശര്‍മ ചൗധരി രക്ഷപ്പെട്ടെങ്കിലും ട്രക്കിന്റെ ക്ലീനറെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതിന് സമീപം മൂത്രമൊഴിച്ചതിന്റെ പേരില്‍ ചിലര്‍ ശാസിച്ചതാണ് ശര്‍മയെ പ്രകോപിപ്പിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ചിലര്‍ ഇയാളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് പോയ ശര്‍മ ക്ലീനറായ അജയ്‌ക്കൊപ്പം മദ്യപിച്ച ശേഷം വാഹനം ഇവര്‍ക്കു മേല്‍ ഓടിച്ചു കയറ്റുകയായിരുന്നു.

എന്നാല്‍, മരിച്ച ഒരേ കുടുംബത്തില്‍ പെട്ടവര്‍ ശര്‍മയോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരാണ് ഇയാളെ ശാസിച്ചതെന്നും ദൃസാക്ഷികള്‍ വ്യക്തമാക്കി. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സമീപത്ത് തന്നെ നിരവധി പേര്‍ ഉറങ്ങിക്കിടന്നിരുന്നു. വാഹനം ഇരുമ്പു ഗേറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.