എല്ലാത്തരം ഭീകരതയേയും ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യയും യു.എ.ഇ.യും പ്രഖ്യാപിച്ചു

single-img
18 August 2015

dubaiദുബായ്: എല്ലാത്തരം ഭീകരതയേയും ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യയും യു.എ.ഇ.യും പ്രഖ്യാപിച്ചു.  ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സംയുക്തപ്രസ്താവന. രണ്ട് രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളില്‍ സഹകരിക്കും. നിയമപരിപാലനം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്നുകടത്ത്, കുറ്റവാളികളെ കൈമാറല്‍ എന്നീ മേഖലകളില്‍ സഹകരിക്കാനും ഇന്ത്യയും യു.എ.ഇ.യും ധാരണയിലെത്തി.

രണ്ട് രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ആറ് മാസത്തിലൊരിക്കല്‍ ചര്‍ച്ച നടത്താന്‍ രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചു.

നേരത്തേ അബുദാബിയില്‍ യു.എ.ഇ.യിലെ വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി ചര്‍ച്ചനടത്തി. ‘മസ്ദാര്‍ സിറ്റി’യിലായിരുന്നു ചര്‍ച്ച. 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍പ്രധാനമന്ത്രി ഇവിടെ വന്നത് എന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. മസ്ദാര്‍ സിറ്റിയില്‍ ഊര്‍ജപുനരുത്പാദക പഠനകേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു.