640കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെസ്‌ലേക്കെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ ദേശീയ തർക്ക പരിഹാര കമ്മിഷൻ വാദം കേൾക്കും

single-img
17 August 2015

maggieന്യൂഡൽഹി: നെസ്‌ലേ കമ്പനിയിൽ നിന്ന് 640കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ദേശീയ തർക്ക പരിഹാര കമ്മിഷൻ വാദം കേൾക്കും. അമിതമായ തോതിൽ അജിനോമോട്ടോ അടങ്ങിയ മാഗി നൂഡിൽസ് വിറ്റഴിച്ചതിനായിരുന്നു കേസ്. തുടർന്ന് ഉൽപാദകരായ നെസ്‌ലേയുടെ വിശദീകരണം തേടി കമ്മിഷൻ നോട്ടീസ് അയയ്ക്കുകയും ചെയ്തു. സെപ്തംബർ 30ന് കേസ് വീണ്ടും പരിഗണിക്കും.

അജിനോമോട്ടോ അമിതമായ അളവിൽ കലർത്തിയെന്നു മാത്രമല്ല ലാഭത്തിന് വേണ്ടി  തെറ്റിദ്ധാരണജനകമായ  പരസ്യങ്ങൾ നെസ്‌ലേ നൽകിയതായും കേന്ദ്ര സർക്കാർ കമ്മിഷന് നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട തുക ഉപഭോക്ത‌‌‌ ത‌ർക്ക പരിഹാര നിയമ പ്രകാരം ഉപഭോക്‌തൃ ക്ഷേമ ഫണ്ടിൽ നിക്ഷേപിക്കണമെന്നും നഷ്ടപരിഹാരം അടയ്കുന്നതു വരെ 18 ശതമാനം പിഴ ഈടാക്കണമെന്നും പരാതിയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മാഗിയുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഉണ്ടായാൽ നഷ്ടപരിഹാര തുക വീണ്ടും ഈടാക്കുന്നതിന് അനുവദിക്കണമെന്നും ആവശ്യമുണ്ട്.

മാഗിക്ക് ഫുഡ് സേഫ്റ്രി ആന്റ് സ്റ്രാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാഗി നൽകിയ ഹർജിയെ തുടർന്ന് ബോംബെ ഹൈക്കോടതി ഈമാസം 13ന് വിലക്ക് താൽക്കാലികമായി നീക്കി. അളവിൽ കൂടുതലായി ലെഡിന്റെ അംശമില്ലെന്ന് തെളിയിക്കാനായി പുതിയ പരിശോധനകൾ നടത്താനും കോടതി നിർദ്ദേശിച്ചിരുന്നു.