തന്നെ കശ്‌മീരിലേക്ക്‌ അയച്ച തീവ്രവാദി നേതാക്കളെ വകവരുത്താന്‍ അവസരം നല്‍കണം-പാക്‌ ഭീകരന്‍ നവേദ്

single-img
17 August 2015

NAVED_UDHAMPUR_PTIന്യൂഡല്‍ഹി: തന്നെ കശ്‌മീരിലേക്ക്‌ അയച്ച ലഷ്‌കര്‍-ഇ-തൊയിബ നേതാക്കളെ വകവരുത്താന്‍ അവസരം നല്‍കണം പാക്‌ ഭീകരന്‍ നവേദ്. ഹിന്ദുക്കളെ കൊല്ലുന്നതില്‍ തമാശ കണ്ടെത്തിയിരുന്നുവെന്ന് ഇയാള്‍ എന്‍ഐഎയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്‌താനിലേക്ക്‌ പോകാന്‍ അനുവദിക്കണമെന്നും തന്നെ കശ്‌മീരിലേക്ക്‌ അയച്ച ലഷ്‌കര്‍-ഇ-തൊയിബ നേതാക്കളെ വകവരുത്താന്‍ അവസരം നല്‍കണമെന്നും നവേദ്‌ പറഞ്ഞതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കശ്‌മീരിലെ സഹോദരര്‍ക്കെതിരെ നടക്കുന്ന ‘അതിക്രമങ്ങളുടെ’ വീഡിയോ കാട്ടിയാണ്‌ നവേദിനെയും സംഘത്തെയും ആക്രമണസന്നദ്ധരാക്കിയത്‌. പരിശീലനത്തിന്റെ ഭാഗമായി ശാരീരികക്ഷമത വര്‍ധിപ്പിക്കലും ആയുധപരിശീലനവും ചാവേര്‍ ആക്രമണ പരിശീലനവും ലഭിച്ചുവെന്നും മൗലവി ബഷീര്‍ എന്നയാളാണ്‌ ജിഹാദിയാവാന്‍ തനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയത്‌ എന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ആക്രമണത്തിനു മുമ്പ്‌ കഴിക്കാന്‍ ഒരുതരം വെളുത്ത ഗുളികകള്‍ നല്‍കിയിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇവ ലഹരിപദാര്‍ത്ഥമാവാനാണ്‌ സാധ്യതയെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കരുതുന്നു. ഫൈസലബാദ്‌ സ്വദേശിയായ ഇയാള്‍ വീട്ടിലെ ശല്യക്കാരനായ പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും സഹോദരീ ഭര്‍ത്താവും കോളജ്‌ അധ്യാപകരാണ്‌. എന്നാല്‍ നവേദ്‌ അഞ്ചില്‍ പഠനം അവസാനിപ്പിച്ച്‌ ചൂതാട്ടവുമായി ചുറ്റിത്തിരിയുകയായിരുന്നു.