ഐസിസ് ബന്ധം; ഉത്തർപ്രദേശില്‍ പഠിക്കുന്ന അഫ്ഗാന്‍-ഗൾഫ് വിദ്യാർഥികളെ നിരീക്ഷിക്കുന്നു

single-img
17 August 2015

isisഐസിസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശില്‍ പഠിക്കുന്ന ഗൾഫ് വിദ്യാർഥികളെ നിരീക്ഷിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റ് ‍ഡിവിഷനിൽപ്പെട്ട ആറു ജില്ലകളിൽ പഠിക്കുന്ന അഫ്ഗാന്‍-ഗൾഫ് വിദ്യാർഥികളാണ് നിരീക്ഷണത്തിലുള്ളത്.

നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ ഐസിസ് ഭീകരരുമായി സോഷ്യല്‍ മീഡിയവഴി ബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നതായും മീററ്റ് ഡിവിഷണൽ കമാൻ‍ഡർ അലോക് സിൻഹ വ്യക്തമാക്കി.

മേഖലയിലെ ഐഎസിന്റെ ബന്ധം ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ മജിസ്ട്രേറ്റുമാർക്കും സീനിയർ പൊലീസ് സൂപ്രണ്ടുമാർക്കും റിപ്പോര്‍ട്ട് നല്‍കുകയും ഗൾഫ് വിദ്യാർഥികളെ നിരീക്ഷണ വിധേയരാക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്‌തു.

മീററ്റ്, ബുലന്ദശ്വർ, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗർ, ഹാപൂർ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും അലോക് സിൻഹ കത്ത് അയക്കുകയും ചെയ്തു. കൂടാതെ ഇന്റർനെറ്റിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്നവരെയും പതിവായി ഇന്റർനെറ്റ് കഫേകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നവരെയും നിരീക്ഷണ വിധേയരാക്കാൻ തീരുമാനിച്ചിട്ടുണ്ട്.