കേന്ദ്രസര്‍ക്കാര്‍ വീട്ടുജോലിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പുതിയ നയരൂപീകരിക്കുന്നു; വീട്ടുജോലിക്കാരുടെ കുറഞ്ഞ മാസശമ്പളം 9,000 രൂപ

single-img
17 August 2015

servantന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വീട്ടുജോലിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പുതിയ നയംരൂപീകരിക്കുന്നു. മുഴുവന്‍സമയ വീട്ടുജോലിക്കാരുടെ കുറഞ്ഞ മാസശമ്പളം 9,000 രൂപ ഉറപ്പാക്കുന്നതാണ് നയത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇവര്‍ക്ക് വര്‍ഷത്തില്‍ ശമ്പളത്തോടെ 15 നിര്‍ബന്ധിത അവധികള്‍ക്ക് അവകാശമുണ്ടാകും.

വീട്ടുജോലിക്കാരുടെ സാമൂഹിക സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്നതായിരിക്കും നയം. ‘വീട്ടുജോലിക്കാര്‍ക്കുള്ള ദേശീയ നയം'(എന്‍.പി.ഡി.ഡബ്ല്യു.) സംബന്ധിച്ച കരട് തൊഴില്‍വകുപ്പ് ഡയറക്ടര്‍ ജനറല്‍ തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയ്ക്ക് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. അടുത്തുതന്നെ ഇത് കേന്ദ്ര മന്ത്രിസഭ പരിഗണനയ്‌ക്കെടുക്കും.

അന്താരാഷ്ട്ര തൊഴില്‍ സമിതി(ഐ.എല്‍.ഒ.)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഇവിടെയും നയരൂപവത്കരണം നടത്തുന്നത്. വീട്ടുജോലിക്കാരിലെ വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ മിനിമം കൂലി നയത്തിന്റെ കരടില്‍ വ്യവസ്ഥചെയ്യുന്നു. വിദഗ്ധരും മുഴുവന്‍ സമയവും ജോലിചെയ്യുന്നവരുമായ വീട്ടുജോലിക്കാര്‍ക്കാണ് 9,000 രൂപ മിനിമം മാസശമ്പളം ലഭിക്കുക.

വീട്ടുജോലിക്കാര്‍ ഇപ്പോള്‍ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ക്ഷേമവും സുരക്ഷയും ഏറെ പ്രധാനമാണ്. വീട്ടുജോലിക്കാരെ സംബന്ധിച്ച ഐ.എല്‍.ഒ. കണ്‍വെന്‍ഷന്‍ നമ്മള്‍ അംഗീകരിച്ചതിനാല്‍ ഇതു സംബന്ധിച്ച നയരൂപവത്കരണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നയം നിലവില്‍ വന്നാല്‍, ഇനിമുതല്‍ തൊഴിലുടമ, ഏജന്‍സി, തൊഴിലാളി എന്നിവര്‍ തമ്മില്‍ ഇതിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച കരാര്‍ ഒപ്പിടേണ്ടിവരും. ഭാവിയില്‍ വീട്ടുജോലി സേവന മേഖലയായി കണക്കാക്കപ്പെടുമെന്നതിന്റെ ഭാഗമായാണ് നയരൂപവത്കരണമെന്നാണ് വിലയിരുത്തല്‍.