വിഴിഞ്ഞം തുറമുഖം; അദാനി പോര്‍ട്‌സുമായി കേരളം ഇന്ന് കരാര്‍ ഒപ്പിടും

single-img
17 August 2015

VIZHINJAM MASTER PLAN (1)_0തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി അദാനി പോര്‍ട്‌സുമായി കേരളം തിങ്കളാഴ്ച കരാര്‍ ഒപ്പിടും. വൈകുന്നേരം അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പിടല്‍. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ സ്വന്തം വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന ഗൗതം അദാനി രാവിലെ 11.30ന് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും. കൂടാതെ കന്റോണ്‍മെന്റ് ഹൗസില്‍ 12.30നെത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും കാണാനും സമയം നിശ്ചയിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം തിങ്കളാഴ്ച തലസ്ഥാനത്തില്ലാത്തതിനാല്‍ കാണാനാവില്ല. വിഴിഞ്ഞം തുറമുഖത്തെ തടസ്സപ്പെടുത്തില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും അദാനി വിഴിഞ്ഞം പോര്‍ട്‌സ് മേധാവി സന്തോഷ് മഹാപത്രയുമാണ് കരാറില്‍ ഒപ്പിടുക. ഒന്നാംഘട്ടം നാലുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കേണ്ടതെങ്കിലും അതിന് മുമ്പ് പൂര്‍ത്തിയാവുമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.  7525 കോടിയുടെ പദ്ധതി ഏറ്റെടുക്കാന്‍ 1635 കോടിരൂപയാണ് അദാനി ഗ്രാന്റായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിക്കും. 2454 കോടിരൂപ അദാനി മുടക്കും. ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരും.

ഗൗതം അദാനി ഉള്‍പ്പെടെയുള്ള സംഘമാണ് തലസ്ഥാനത്ത് എത്തുന്നത്. അദാനി പോര്‍ട്‌സ് ആന്‍ഡ് സെപ്ഷ്യല്‍ എക്കണോമിക് സോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും മകനുമായ കരണ്‍ അദാനിയും സംഘത്തില്‍ ഉണ്ടാവും. നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ചൊവ്വാഴ്ച തുടങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.