മന്ത്രി തലകീഴായി പതാകയുയര്‍ത്തിയതിന് രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
16 August 2015

punjab_minister_flag_081515

മന്ത്രി തലകീഴായി പതാകയുയര്‍ത്തിയതിന് രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പഞ്ചാബിലെ അമൃത്‌സറിലെ ഗുരുനാനാക് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മന്ത്രി ബിക്രം സിംഗ് മജീദിയ ദേശീയപതാക തലകീഴായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് രണ്്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മന്ത്രി.

പതാക ഉയര്‍ത്തിയ ശേഷം മജീദിയയുടെ സ്വാതന്ത്ര്യദിന സന്ദേശം കഴിഞ്ഞപ്പോള്‍ മാത്രമാണ് പതാക തലതിരിഞ്ഞ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗത്, അമൃത്‌സര്‍ പോലീസ് കമ്മീഷണര്‍ ജെ.എസ്. ഓല തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ക്കു ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളെ കണ്ട മജീദിയ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്നും ജില്ലാ നേതൃത്വത്തിന്റെ പിഴവാണെന്നും അറിയിച്ചു. എന്നാല്‍, പിന്നീട് തിരുത്തിയ മന്ത്രി സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ചടങ്ങു കഴിഞ്ഞ് ഒരുമണിക്കൂറിനു ശേഷം ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പോലീസുകാരായ വരീന്ദര്‍ സിംഗ്, ഗുരുമുഖ് സിംഗ് എന്നിവരെ സസ്‌പെന്റ് ചെയ്ത കാര്യം അറിയിച്ചു.