34 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ഇന്നാരംഭിക്കും

single-img
16 August 2015

280904-narendramodijapanthree700

ഇന്ത്യക്കാരുടെ പോറ്റമ്മ മണ്ണായ യുഎഇയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു പുറപ്പെടും. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. ഇന്ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച ദുബായ് സന്ദര്‍ശിക്കും.

സന്ദര്‍ശനത്തിനനുബന്ധമായി ഇന്ത്യയും യുഎഇയും ഊര്‍ജ, വാണിജ്യ, വ്യാപാര, വ്യവസായ, പ്രതിരോധ മേഖലകളില്‍ സഹകരണത്തിനുള്ള ഒട്ടേറെ കരാറുകളിലും ഒപ്പുവയ്ക്കും. സന്ദര്‍ശനവേളയില്‍ ഇന്ത്യക്കാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1981ല്‍ അവസാനമായി യുഎഇ സന്ദര്‍ശിച്ചിട്ടുള്ളത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കേ രണ്ടു തവണ യുഎഇ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയെങ്കിലും അവസാനനിമിഷം യാത്ര മാറ്റിവച്ചു. 2010ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആ വര്‍ഷംതന്നെ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യുഎഇയില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.