കരള്‍രോഗം ബാധിച്ച് മരണം മുന്നില്‍ക്കണ്ടിരുന്ന ശ്രീകുമാറിന് ഒരു ബസ് യാത്രയിലുടെ മാത്രമുണ്ടായ പരിചയത്തിന്റെ പേരില്‍ ഇടുക്കി സ്വദേശിയായ അജീഷ് പകുത്തു നല്‍കിയത് തന്റെ കരളാണ്

single-img
16 August 2015

ajeesh

അപൂര്‍വ്വമായ ഒരു മനുഷ്യത്വത്തിന്റെ കഥയാണിത്. കരള്‍രോഗം ബാധിച്ച് മരണം മുന്നില്‍ക്കണ്ടിരുന്ന ശ്രീകുമാറിന് ഒരു ബസ് യാത്രയിലുടെ മാത്രമുണ്ടായ പരിചയത്തിന്റെ പേരില്‍ ഇടുക്കി സ്വദേശിയായ അജീഷ് പകുത്തു നല്‍കിയത് തന്റെ കരളാണ്. സഹജീവിയുടെ അവസ്ഥ മനസ്സിലാക്കി തനിക്കൊപ്പം അവനും ജീവിക്കേണ്ടവനാണെന്ന് വിശ്വസിച്ച ഒരു മനുഷ്യസ്‌നേഹിയുടെ കഥയാണ് അജീഷിന്റേതിലൂടെ വ്യക്തമാകുന്നത്.

പെരുമ്പാവൂര്‍ റയോണ്‍പുരം പുതുക്കോടത്ത് ശ്രീകുമാറിനാണ് (44) ഒരിക്കലും പ്രതീക്ഷിക്കാത്ത സഹായവുമായി ഇടുക്കി ഉടുമ്പന്നൂര്‍ കരക്കുട്ടയില്‍ കെ.എസ്. അജീഷ് (32) എത്തിയത്. അട്ടപ്പാടി- അഗളി റൂട്ടില്‍ ബസില്‍വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഗുരുതരമായ കരള്‍ രോഗം ബാധിച്ച ശ്രീകുമാറിന്റെ അവസ്ഥ ബസില്‍ വെച്ചറിഞ്ഞ അജീഷിനെ യാത്രയ്ക്കിടയിലെ സൗഹൃദ സംഭാഷണവും തുടര്‍ന്നുണ്ടായ ആത്മബന്ധവും അവയവദാനത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

ആറുവര്‍ഷമായി ലിവര്‍ സിറോസിസിനും കരളിനെ ബാധിച്ച കാന്‍സറിനും ചികല്‍സയിരുന്ന ശ്രീകുമാറിന് കരള്‍ദാനത്തിനു സമ്മതിച്ച ബന്ധുജനങ്ങളുടെ കരള്‍ ഒന്നും ചേര്‍ന്നിരുന്നില്ല. ജൈവ വളങ്ങളുടെ വിതരണ ജോലിക്കാരനായിരുന്നു ശ്രീകുമാര്‍. ബസ് യാത്ര കഴിഞ്ഞെത്തിയ അജീഷിന്റെ മനസ്സില്‍ ശ്രീകുമാറിന്റെ അവസ്ഥയുണ്ടായിരുന്നു. അങ്ങനെയാണ് കരള്‍ ചേരുമെങ്കില്‍ പകുത്തു നല്‍കാമെന്ന് അജീഷ് സമ്മതം അറിയിച്ചത്.

എന്ന്ാല്‍ ഭാര്യ സുജിതയും ബന്ധുജനങ്ങളും ഇത് സമ്മതിച്ചില്ല. അജീഷിന്റെ സഹോദരിയും നഴ്‌സുമായ ഷൈനിയുടെ പിന്തുണയും ഡോക്ടര്‍മാരുടെ ബോധവത്കരണവും അജീഷിന്റെ ദാനകര്‍മ്മത്തിന് സമ്മതം മൂളാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുകയായിരുന്നു. പാമ്പാടി ചെവിക്കുന്നിനു സമീപം വാടകയ്ക്കു താമസിക്കുന്ന ആലാംപള്ളി മീമി ടെയ്‌ലറിങ് ആന്‍ഡ് കിഡ്‌സ് വെയര്‍ ഉടമ അജീഷ് കഴിഞ്ഞ 18ന് എറണാകുളം പിവിഎസ് ആശുപത്രിയിലാണ് കരള്‍ പകുത്തു നല്‍കിയത്.

അജീഷ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായി കഴിഞ്ഞദിവസം വീട്ടിലെത്തി. അജീഷില്‍ നിന്നും കരള്‍ സ്വീകരിച്ച ശ്രീകുമാര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.