ടെക്കികളോടുള്ള കെ.എസ്.ആർ.ടി.സി യുടെ അവഗണന : വെഞ്ഞാറമ്മൂട്- ബൈപാസ് റൂട്ടിൽ ആവശ്യത്തിന് സർവീസുകളില്ല. ദിനവും വലയുന്നത് നൂറുകണക്കിന് ജീവനക്കാർ.

single-img
14 August 2015

screen-13.43.05[14.08.2015]തിരുവനന്തപുരം ജില്ലയിലെ പല ഭാഗത്തുനിന്നും ടെക്നോപാർക്കിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ഉണ്ടെങ്കിലും ആവശ്യത്തിന് ഇപ്പോഴും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വെഞ്ഞാറമ്മൂട് ഭാഗത്ത് നിന്നും വരുന്ന ടെക്നോപാർക്ക് ജീവനക്കാരാണ്.

കോട്ടയം- വെഞ്ഞാറമ്മൂട് എം.സി റോഡ് പ്രദേശങ്ങളിൽ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒട്ടനവധി ആളുകൾ താമസിക്കുന്നുണ്ട്. ഇവർക്ക് ജോലിസ്ഥലത്തേക്ക് എത്തുവാനുള്ള എളുപ്പ മാർഗ്ഗം വെഞ്ഞാറമ്മൂട് –പോത്തങ്കോട്- ബൈപാസ് മാർഗ്ഗം വരുന്നതാണ്. ഈ വഴിയുള്ള ട്രാൻസ്പോർട്ട് ബസ് സർവീസുകൾ വളരെ കുറവാണ്. ആയതിനാൽ ടെക്നോപാർക്കിൽ വരുന്നതിന് ഒരു മണിക്കൂർ വരെ വെഞ്ഞാറമ്മൂട് ബസ് സ്റ്റാൻടിൽ വണ്ടി കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

ഒരു ബസ് വെഞ്ഞാറമ്മൂട് നിന്നും ബൈപാസ് റൂട്ടിലേക്ക് വിട്ടാൽ അത് തിരിച്ച് വെഞ്ഞാറമ്മൂടിൽ എത്തിയതിന് ശേഷം മാത്രമാണ് അടുത്ത ബസ് സർവീസ് നടത്തുന്നത്. സർവീസ് നടത്തുന്ന ബസുകളാകട്ടെ മിക്ക ദിവസങ്ങളിലും ബ്രേക്ക്ഡൗണും. ദിനവും നിരവധി ജീവനക്കാർക്ക് ഇതുകാരണം കൃത്യ സമയത്ത് ഓഫീസിൽ കയറാൻ കഴിയുന്നില്ല.

എന്നാൽ വെഞ്ഞാറമ്മൂട് നിന്നും എം.സി. വഴി തമ്പാനൂരിലേക്ക് ദിനവും ധാരാളം ബസ്സുകൾ സർവീസ് നടത്താറുണ്ട്. ഇവയെല്ലാം തന്നെ ആളില്ലാതെ കാലിയടിച്ചാണ് പോകുന്നതും.

പാർക്ക് ജീവനക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ കാരണം ഒട്ടനവധി പ്രശ്നങ്ങൾ അവർ ദിനവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താൽ വൈകിയെത്തി ജോലി നഷ്ടപ്പെട്ടവർ വരെയുണ്ട്.

“ടെക്നോപാർക്ക്  ജീവനക്കാർക്കുള്ള യാത്രാ ബുദ്ധിമുട്ട് വളരെ വലുതാണ്. രാവിലെ എം.സി. റോഡ് വഴി വരുന്നവർ സമയത്ത് ജോലിക്ക് എത്തണമെങ്കിൽ മൂന്ന് ബസ്സുകൾ കയറി വരേണ്ട അവസ്ഥയാണുള്ളത്. തിരിച്ചുപോകുന്നതും വളരെ ബുദ്ധിമുട്ടിയാണ്. ഓഫീസിൽ കൃത്യ സമയത്ത് എത്താൻ കഴിയാതെ ജോലി നഷ്ട്ടപ്പെട്ടവർ വരെയുണ്ട്.” മുൻ ടെക്നോപാർക്ക് സി.എഫ്.ഒ. ഡോ. കെ.സി.സി. നായർ പറയുന്നു. ടെക്നോപാർക്ക്  ജീവനക്കാരുടെ ഈ യാത്രാക്ലേശത്തിന് അറുതി വരുത്താൻ ഒരുപാട് ശ്രമങ്ങൾ നടത്തിവരുകയാണ്. പക്ഷെ ഒന്നും എവിടെയും എത്തുനില്ല എന്നതാണ് സത്യം.

“നൂറുകണക്കിന് വരുന്ന ടെക്നോപാർക്ക് ജീവനക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പുമന്ത്രിയേയും ഐ.റ്റി. മന്ത്രിയേയും നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പരിഹാരം കണ്ടിട്ടില്ല.” ബി.ആർ.സി.എസ്. സംസ്ഥാന പ്രെസിഡന്റായ രജ്ഞിത്ത് രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

 

“ടെക്നോപാർക്ക് ജീവനക്കാരുടെ യാത്രാദുരിതത്തെ ബന്ധപ്പെട്ട് അനവധി തവണ കെ.എസ്.ആർ.ടി.സി. യെ സമീപിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് വണ്ടികൾ ഇല്ലെന്നാണ് അവരുടെ മറുപടി. മന്ത്രിസഭാ തലത്തിൽ ഇതറിയിച്ചപ്പോൾ ഓണത്തിന് ശേഷം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന്.” ടെക്നൊപാർക്ക് ജീവനക്കാരുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ പ്രതിധ്വനിയുടെ സെക്രട്ടറിയും ടെക്നോപാർക്ക് ജീവനക്കാരനുമായ ശ്രീ രാജീവ് കൃഷ്ണൻ പറഞ്ഞു

സർവീസ് നടത്താൻ ആവശ്യത്തിന് ബസ് ഇല്ല എന്നതാണ് കെ.എസ്.ആർ.ടി.സി. യുടെ ന്യായം. എന്നാൽ യാത്രക്കാർ കുറഞ്ഞ റൂട്ടിലേക്ക് ആവശ്യത്തിലധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്താനും. യാത്രക്കാർ കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും സർവീസുകൾ കുറച്ച് യാത്രക്കാർ ഏറിയ റൂട്ടിലേക്ക് മാറ്റി സർവീസ് നടത്തിയാൽ ഈ യാത്രാദുരിതത്തിന് ഏറക്കുറേ പരിഹാരമാകും. ദിനംപ്രതി വർദ്ധിച്ചുവരുന്ന യാത്രാക്ലേശത്തോട് കെ.എസ്.ആർ.ടി.സി. യുടെ അവജ്ഞത തുടരുകയാണെങ്കിൽ ടെക്കികളുടെ കാര്യം അവതാളത്തിലാകും.