സൂര്യപ്രകാശത്തില്‍ നിന്നും 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനത്താവളമായി മാറി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

single-img
14 August 2015

solar_2508680f

ലോകത്തിലെ പ്രഥമ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍). ഇതിന്റെ ഉദ്ഘാടനം 18ന് രാവിലെ ഒന്‍പതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

12 മെഗാവാട്ട് ഉത്പാദനശേഷിയുള്ള സൗരോര്‍ജ പ്ലാന്റാണു സിയാല്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു മെഗാവാട്ടിന് 5.15 കോടി രൂപ ചെലവില്‍ മൊത്തത്തില്‍ 62 കോടി രൂപയാണ് ചെലവ്. വൈദ്യുതി ഉത്പാദനത്തിനായി 46.16 ഏക്കര്‍ സ്ഥലത്ത് 46,154 സൗരോര്‍ജ്ജ പാനലുകളാണു സ്ഥാപിച്ചിരിക്കുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള സോളാര്‍ പാനലുകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഏതാനും ഭാഗങ്ങള്‍ ചൈനയിലാണ് ഉത്പാദിപ്പിച്ചത്. ഇതുവഴി പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും.

കൊച്ചി വിമാനത്താവളത്തില്‍ ഒരു ദിവസം 48,000 മുതല്‍ 49,000 വരെ യൂണിറ്റ് ഉപയോഗിക്കുന്നുണ്ട്. ഈ സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ വൈദ്യുതി ഇനത്തില്‍ ചെലവഴിക്കുന്ന 1.25 കോടി രൂപ സിയാലിനു ലാഭിക്കാന്‍ കഴിയും. ബംഗളൂരിലെ ബോഷ് ലിമിറ്റഡ് ആണ് കരാറടിസ്ഥാനത്തില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാചപിക്കുന്ന ജോലി നിര്‍വഹിച്ചത്.

30 വര്‍ഷമാണു സോളാര്‍ പാനലിന്റെ കാലാവധി. ഇതിന് 25 വര്‍ഷത്തെ ഗാരന്റിയുണ്ട്. അഞ്ചു വര്‍ഷം അറ്റകുറ്റപ്പണികള്‍ കരാര്‍ കമ്പനി സ്വന്തം നിലയില്‍ നടത്തുകയാണ് ചെയ്യുക. സിയാലിനെ ഹരിത വിമാനത്താവളമാക്കുക എന്നതാണു ലക്ഷ്യമെന്നു വി.ജെ. കുര്യന്‍ പറഞ്ഞു. പാരമ്പര്യേതര ഊര്‍ജസ്രോതസ് ഇതിനായി പരമാവധി പ്രയോജനപ്പെടുത്തും. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.