ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനിമുതല്‍ വാഹനമടക്കം പിടിച്ചുവെയ്ക്കുമെന്ന് ഡിജിപി

single-img
14 August 2015

26THHELMET_1064449f

ഇനിമുതല്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാല്‍ പണി പാളും. അത്തരത്തില്‍ വാഹനമോടിക്കുന്നവരുടെ വാഹനം അടക്കം പിടിച്ചു വെയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ വ്യക്തമാക്കി.

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ ആദ്യം ബോധവത്കരിക്കും. എന്നിട്ടും കേള്‍ക്കാതെ വന്നാലാകും വാഹനം അടക്കം പിടിച്ചു നിര്‍ത്തുന്നതെന്നും ഡിജിപി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം പോലീസ് ഉന്നത തലയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് ഡി.ജി.പി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ വാഹനം തടഞ്ഞുവയ്ക്കാന്‍ നിലവിലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലോ സംസ്ഥാനത്തു നടപ്പാക്കി വരുന്ന മോട്ടോര്‍ വാഹന ചട്ടത്തിലോ വ്യവസ്ഥയില്ല എന്നുള്ളതാണ് സത്യമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 100 രൂപ മുതല്‍ പിഴ ഈടാക്കാമെന്നു മാത്രമാണു ചട്ടത്തിലുള്ളതെന്നും മറ്റു നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനോ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനോ കഴിയില്ലെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

കേരള പൊലീസിന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി പ്രധാന റോഡുകളില്‍ 500 ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിലവില്‍ ദേശീയപാതയില്‍ 100 ക്യാമറകള്‍ ഉണ്ട്. പ്രധാന നഗരങ്ങളിലും മറ്റുമായി 600 നിരീക്ഷണ ക്യാമറകളും ഉണ്ട്. ഇതിനു പുറമെയാണ് 600 ക്യാമറ കൂടി ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്.

സ്ഥിരം അപകട മേഖലകളില്‍ മരാമത്ത് വകുപ്പിന്റെ സഹായത്തോടെ റോഡുകള്‍ നന്നാക്കും. സംസ്ഥാനത്തു പലയിടത്തും സ്പിരിറ്റ് ലോബി സജീവമാണെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പൊലീസ് ശക്തമായ നടപടിയെടുക്കുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.