പോണ്ടിച്ചേരി സർവകലാശാല വി.സിയെ അവധിയിൽ പ്രവേശീക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു; പുറത്താക്കണമെന്ന് വിദ്യാർഥികൾ

single-img
14 August 2015

 

pondicherry-university-vc-650_650x400_81439494199തെറ്റായ വിവരങ്ങൾ നൽകി പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർ പദവിയിലെത്തിയ ശ്രീമതി ചന്ദ്ര കൃഷ്ണമൂർത്തിയെ അവധിയിൽ പ്രവേശിക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ, ജോലിയിൽ നിന്നും എന്നെന്നേക്കുമായി നീക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഇതിനായി സമരം തുടരുമെന്നും സമരാനൂകൂലികൾ അറിയിച്ചു.

 

വൈസ് ചാൻസലർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാൻ സമർപ്പിച്ച ബയോഡാറ്റയിൽ സത്യമല്ലാത്ത കാര്യങ്ങൾ പ്രസ്ഥാവിച്ചു എന്നതാണ് വൈസ് ചാൻസലർ ചന്ദ്ര കൃഷ്ണമൂർത്തിക്കെതിരായ ആരോപണം. വി.സിയുടേതായി പുറത്തിറക്കിയ ഒരേയൊരു പുസ്തകത്തിന്റെ 98% കോപ്പിയടിച്ച് എഴുതിയതാണെന്നും വിദ്യാർഥികൾ തെളിവുകൾ സഹിതം ആരോപിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി സർവകലശാലയിൽ ഒരു തരത്തിലുള്ള വികസനപ്രവർത്തനങ്ങളും നടന്നിട്ടില്ല. വിദ്യാർഥികൾക്ക് സഞ്ചരിക്കാൻ ഏർപ്പെടുത്തിയ ബാറ്ററി കാറുകൾ, സൈക്കിൾ എന്നിവ പിൻവലിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ലൈബ്രറി കെട്ടിടവും മാസ് കമ്യൂണിക്കേഷൻ കെട്ടിടവും ഇന്നുവരെ തുറന്നു കൊടുത്തിട്ടില്ല. കുടിക്കാൻ ശുദ്ധജലം ലഭ്യമല്ല. കുളിക്കുന്ന വെള്ളം പോലും മലിനജലമാണെന്ന് വിദ്യാർഥികൾ പറയുന്നു.

 

വി.സിയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് ജൂൺ 27 നാണ് വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചത്. മലയാളികൾ അടക്കമുള്ള വിദ്യാർഥികളാണ് സമരം നയിക്കുന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കാതെ സമരം ഒത്തുതീർപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വിഷയം പരിഹരിക്കുന്നതിനായി മന്ത്രാലയം രണ്ടംഗ സംഘത്തെ വിദ്യാർഥി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 31 വർഷ സർവകലാശാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വൈസ് ചാൻസലറോട് അവധിയിൽ പ്രവേശിക്കാൻ കേന്ദ്രമന്ത്രാലയം ആവശ്യപ്പെടുന്നത്.