ബീഹാര്‍-തെലുങ്കാന വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടി; ഇന്റേണല്‍ മാര്‍ക്കിനെ ചൊല്ലിയുള്ള കളിയാക്കലാണ് കൈയ്യാങ്കളിയിലേക്ക് എത്തിച്ചത്

single-img
14 August 2015

bihar-telunkanaഹൈദരാബാദ്‌: ബീഹാര്‍-തെലുങ്കാന വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ഹയാത്‌ നഗറിലെ നാരായണ ഡിപ്‌ളോമ കോളേജിലായിരുന്നു വടക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ്‌ അടിച്ചത്‌. ഇവരില്‍ നാലു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.

പുറത്തുള്ള 20 പേര്‍ കാമ്പസിനുള്ളില്‍ കടന്നുചെന്ന്‌ തെലുങ്കാനാ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി വിവരമുണ്ട്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കോളേജ്‌ കാന്റീനില്‍ നിന്നും ചെറിയ കാര്യത്തില്‍ തുടങ്ങിയ തര്‍ക്കം കഴിഞ്ഞ ദിവസം അടിപിടിയിലേക്ക്‌ നീളുകയായിരുന്നു. മെക്കാനിക്കല്‍ ഡിപ്‌ളോമയ്‌ക്കായി ഈ വര്‍ഷം ചേര്‍ന്ന ബീഹാറി വിദ്യാര്‍ത്ഥികളുമായി തെലുങ്കാനാ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിന്റെ കാര്യത്തില്‍ തുടങ്ങിയ കളിയാക്കലാണ്‌ അക്രമത്തിലേക്ക്‌ നീണ്ടത്‌. ഇന്റേണല്‍ മാര്‍ക്കിനെ ചൊല്ലിയുള്ള കളിയാക്കലാണ് കൈയ്യാങ്കളിയിലേക്ക് എത്തിച്ചത്.

ക്‌ളാസിനുള്ളിലും പിന്നീട്‌ കാന്റീനിലും നടന്ന സംഭവത്തെ കുറിച്ച് തെലുങ്കാന വിദ്യാര്‍ഥികള്‍ പരാതിയുമായി കോളേജ്‌ ഡയറക്‌ടറെ സമീപിച്ചു. എന്നാല്‍ ബീഹാറുകാരനായ പ്രിന്‍സിപ്പല്‍ ബീഹാറി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതോടെ തെലുങ്കാനാ വിദ്യാര്‍ത്ഥികള്‍ തിരിച്ചടിച്ചു.

തര്‍ക്കം കൂടുതല്‍ ഗൗരവത്തിലായതോടെ കോളേജിന്‌ സമീപം വാടകയ്‌ക്ക് താമസിക്കുന്ന തങ്ങളുടെ സംസ്‌ഥാനത്ത്‌ നിന്നുള്ള മറ്റുള്ളവരെ കൂട്ടി ബീഹാറി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ കയറി തെലുങ്കാനാ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. അതേസമയം മാര്‍ക്കിന്റെ കാര്യം പറഞ്ഞാണ്‌ പ്രശ്‌നം ഉണ്ടായതെന്ന വിവരം കോളേജ്‌ അധികൃതര്‍ തള്ളിയിട്ടുണ്ട്‌.