ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്കെതിരെ സിബിഐ അന്വേഷണം

single-img
14 August 2015

rohitഅജയ് ദേവ്ഗണ്‍ നായകനായ റിട്ടേണ്‍സിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന കേസില്‍ സംവിധായകന്‍ രോഹിത് ഷെട്ടിക്കെതിരെ സിബിഐ അന്വേഷണം. 2014 ഓഗസ്റ്റ് 14ലിലെ റിലീസിന് മുന്‍പായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓഗസ്റ്റ് എട്ടിന് കൈക്കൂലി നല്‍കിയെന്നാണ് കേസ്. മറ്റൊരു ചിത്രത്തിന്റെ സംവിധായകനോടും നിര്‍മ്മാതാവിനോടും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിടിയിലായ മുന്‍ സെന്‍സര്‍ ബോര്‍ഡ് മേധാവിയുടെ മുന്‍ ഇടപാടുകളെക്കുറിച്ച് സിബിഐ നടത്തിയ അന്വേഷണമാണ് രോഹിത് ഷെട്ടിയിലേക്കും നീണ്ടത്.

സിംഗം റിട്ടേണ്‍സ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ശേഷം രാകേഷ് കുമാര്‍ നേരിട്ടാണ് രോഹിത് ഷെട്ടിയോട് കൈക്കൂലി ചോദിച്ചത്. സിനിമയില്‍ മതവികാരം വൃണപ്പെടുന്ന സീനുകളുണ്ടെന്നും അതിനാല്‍ മന്ത്രാലയത്തില്‍നിന്ന് 12 കട്ടുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടെന്നും കള്ളം പറഞ്ഞായിരുന്നു കൈക്കൂലി ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് ഏഴിനാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍ സിംഗം റിട്ടേണ്‍സ് സ്‌ക്രീന്‍ ചെയ്തത്. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളില്‍നിന്ന് അന്ന് തന്നെ രാകേഷ് കുമാര്‍ ബ്ലാങ്ക് ഡോക്കുമെന്റ് ഒപ്പിട്ടു വാങ്ങി. ഇതിന് ശേഷമാണ് രോഹിത് ഷെട്ടിയുമായി വിലപേശല്‍ നടത്തിയതും രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതും.  രാകേഷ് കുമാര്‍ നിര്‍ബന്ധിച്ച് ഒപ്പു വാങ്ങിയ രണ്ട് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍നിന്ന് സിബിഐ മൊഴി എടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 14ന് സിനിമയുടെ യുഎഇ പ്രിമിയര്‍ വെച്ചിരുന്നതിനാല്‍ ഏത് വിധേനയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ തയാറായിരുന്നു രോഹിത് ഷെട്ടി. ഈ സാഹചര്യത്തിലാണ് രാകേഷ് കുമാര്‍ മുതലെടുത്തത്. രോഹിത് ഷെട്ടിക്കെതിരെ കേസ് എടുക്കാന്‍ സിബിഐ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.