വൈകല്യങ്ങളെ ജയിച്ച് വാർദ്ധക്യത്തിന്റെ ‘നോവ്’ പകർത്തി ഡോ. സിജു വിജയൻ

single-img
13 August 2015

11692496_946351742089452_755110952880609422_nവിധിയൊരു വില്ലനായി ജീവിതത്തിൽ കടന്നുവന്നപ്പോൾ അതിനെ സ്വപ്രയത്നത്താൽ ചെറുത്തു തോല്പിച്ചയാളാണ് ഡോ. സിജു വിജയൻ. രണ്ട് കാലുകളുടെയും സ്വാധ്വീനം നഷ്ട്ടപ്പെട്ടെങ്കിലും ആ മനസ്സിനെ തടയിടാൻ ഒന്നിനും കഴിഞ്ഞിട്ടില്ല. ഡോ. സിജു വിജയൻ തന്റെ ‘നോവ്’ എന്ന ഹ്രസ്വചിത്രത്തിന് ലഭിച്ച വിജയത്തിന്റെ ആഘോഷത്തിലാണ്. ഒട്ടനവധി പ്രേക്ഷകരെ സ്വാധീനിച്ചതിൽ ഉപരി ഇക്കഴിഞ്ഞ 8 മത് അന്തർദേശീയ ഡോകുമെന്ററി ഫെസ്റ്റിവലിൽ (IDSFFK) ഔദ്യോഗിക പ്രദർശനത്തിന് അർഹമാവുകയും ചെയ്തു. എന്നോ സ്വപ്നങ്ങളിൽ കടന്നുകൂടിയ സിനിമാ ആഗ്രഹങ്ങളെയെല്ലാം ഒന്നൊന്നായി സഫലമാക്കുകയാണ് ഡോ. സിജു.

ചെറുപ്പകാലം മുതൽക്കേ ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ പ്രാഗൽഭ്യമുള്ള വ്യക്തിയായിരുന്നു സിജു. കോളേജ് കാലങ്ങളിൽ സിനിമയും ഒരു മോഹമായി മനസ്സിൽ കടന്നുകൂടി. ഇത് വരെ മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ ‘അനാമിക ദി പ്രെയ്’ എന്ന ആദ്യ ഹ്രസ്വചിത്രം തന്നെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. 2014ൽ പുറത്തിറങ്ങിയ ‘ഹെഡ് ലൈൻ’ എന്ന ചിത്രത്തിന് ആ വർഷത്തെ ഹേർപ്പിയൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജ്യൂറി പുരസ്കാരവും നേടിയിരുന്നു.

ഏറെ പ്രേക്ഷകാംഗീകാരം സിജുവിന് നേടികൊടുത്ത ചിത്രമായിരുന്നു ‘നോവ്’. വാർദ്ധക്യം എന്ന അവസ്ഥയിൽ നേരിടുന്ന നിസ്സഹായതയും ഒറ്റപ്പെടലും ഒപ്പിയെടുത്തിരിക്കുകയാണ് ഈ ചിത്രത്തിൽ. നോവ് അഥവാ വേദന എന്നതിലൂടെ പറയാതെ പറയുന്നത് അമ്മ എന്ന വികാരത്തെയാണ്. നൊന്ത് പ്രസവിച്ച് ഏത്ര മോശമായ അവസ്ഥയിലും അല്ലലറിയിക്കാതെ വളർത്തിയെടുത്ത മക്കൾ. ഈ മക്കൾ വലുതായി ജീവിതത്തിലേക്ക് തിരിയുമ്പോൾ അമ്മയെ മറക്കുന്നു. ഒരു ചുമട്ടുകാരൻ കഷ്ടപ്പെട്ട് ചുമടെടുക്കുന്ന മനസ്സോടെയാണ് പിന്നീട് അമ്മയെ കാണുന്നത്. ഇങ്ങനെയുള്ള വിചാരങ്ങളെയെല്ലാം തന്നെ ഒരു നൊമ്പരത്തോടെ വിളിച്ചോർമ്മിപ്പിക്കുകയാണ് ‘നോവ്’.

ബാല്യവും വാർദ്ധക്യവും സമാന്തര ജീവിതാവസ്ഥകളായി ഇതിൽ വിലയിരിത്തിയിരിക്കുന്നു. പരിപാലനം സ്നേഹം തുടങ്ങിയവ ഏറ്റവും കൂടുതൽ ആവഷ്യമായ രണ്ട് ജീവിതാവസ്ഥകൾ. കൂടാതെ അനാഥത്വവും നിസ്സഹായവസ്ഥയും കടന്നുകൂടുന്നത് ഈ രണ്ട് ഘട്ടങ്ങളിലാണ്. വിഴിപ്പ് ചുമക്കുന്ന ലാഘവത്തിൽ അച്ഛ്നമ്മമാരെ ചുമന്ന് അവരെ ഉപേക്ഷിക്കാനൊരുങ്ങുന്ന മക്കൾ. പിന്നീട് അവരെ ഉപേക്ഷിക്കുമ്പോൾ അവരുടെ ജീവിതം എങ്ങനെ ആകുന്നുവെന്ന് അറിയാതെപോകുന്നു.

വർത്തമാന ലോകത്തിന്റെ തിന്മ നിറഞ്ഞ പ്രവർത്തികളെ പ്രതിപാതിക്കുകയും ചെയ്ത് കൊണ്ടാണ് ‘നോവ്’ അവസാനിക്കുന്നത്. പ്രായഭേതമില്ലാതെ സ്ത്രീകൾ നേരിടുന്ന ക്രൂരതകളെയും ഇതിൽ ചൂണ്ടികാട്ടുന്നു. ഏതൊരാളുടെയും മനസ്സിൽ ഒരു നേർത്ത നോമ്പരത്തോടെ മാതാപിതാക്കളെ ഓർമ്മിപ്പിക്കുകയാണ് ‘നോവ്’.

സിനിമ ചെയ്ത് പണമുണ്ടാക്കുക എന്നതിലുപരി തന്റെ സർഗ്ഗാത്മഗതിയിലൂടെ സമൂഹത്തിനെ വരച്ചുകാട്ടുകയാണ് സിജു. അതിന് അദ്ദേഹത്തിന്റെ സ്രിഷ്ടികൾ ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോൾ ഹോമിയൊപതിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനൊപ്പം തന്റെ മനസ്സിലുള്ള ചിത്രങ്ങളുടെയും പണിപ്പുരയിലാണ് ഡോ. സിജു വിജയൻ.

ഇതിനെല്ലാം പുറമെ ധർമ്മപ്രവർത്തനങ്ങളിലും മുന്നോട്ടു പോവുകയാണ് സിജു. അംഗവൈകല്യമുള്ളവർക്ക് സമൂഹത്തിനു മുൻപിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ഡോ. സിജുവും കൂട്ടുകാരും. ഗോഡ്സ് ഓൺ വിങ്സ് എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫേസ്ബുക്ക് പേജുവഴി അംഗവൈകല്യമുള്ളവരെയും അവരുടെ കഴിവുകളേയും ലോകത്തിന് പരിചയപ്പെടുത്തുന്നു. ഇങ്ങനെ അവർക്ക് വേണ്ടി സഹായധനങ്ങൾ സ്വീകരിച്ചു നൽകുന്നു. കാലിന് സ്വാധ്ഹീനം നഷ്ട്ടപ്പെട്ട രണ്ടുപേർക്ക് പവർ ചെയർ അടുത്തിടെ നൽകിയിരുന്നു.

അംഗവൈകല്യത്തെ ചെറുത്തുതോല്പിച്ച് വൈകല്യങ്ങളില്ലാത്ത മനസ്സുമായി ഡൊ. സിജു വിജയൻ ജീവിത യാത്ര തുടരുന്നു.

 

ഡോ. സിജു വിജയന്റെ “നോവ്” കാണാം

 

[mom_video type=”youtube” id=”AmfFNGQOX24″ width=”650″]