മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയവും ശ്വാസകോശവും കാരുണ്യത്തിന്റെ ഉറവവറ്റാത്ത മനസ്സുമായി ബന്ധുക്കള്‍ ദാനം നല്‍കി; കേരളത്തിന്റെ നൊമ്പരമായി മാറിയ അമ്പിളി ഫാത്തിമയുടെ മാരത്തോണ്‍ ശസ്ത്രക്രിയയ്ക്ക് തുടക്കമായി

single-img
13 August 2015

Ambily Fathimaകേരളത്തിന്റെ നൊമ്പരം അമ്പിളി ഫാത്തിമയുടെ മാരത്തോണ്‍ ശസ്ത്രക്രിയയ്ക്ക് തുടക്കമായി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിന് ശസ്ത്രക്രിയ ആരംഭിച്ച ശസ്ത്രക്രിയ എട്ടുമുതല്‍ 15 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്നു നേതൃത്വം നല്‍കുന്ന ഡോ. സുന്ദര്‍ അറിയിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയവും ശ്വാസകോശവും കാരുണ്യത്തിന്റെ ഉറവവറ്റാത്ത മനസ്സുമായി ബന്ധുക്കള്‍ ദാനം നല്‍കി
യതോടെയാണ് ശസ്്ര്രകിയയ്ക്ക് തുടക്കമായത്.

അമ്പിളിക്ക് എല്ലാ രീതിയിലും ചേരുന്നതും ആരോഗ്യമുള്ളതുമായ ഹ്യദയവും ശ്വാസകോശങ്ങളുമാണ് ലഭിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവയവങ്ങളുടെ പരിശോധന രണ്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയശേഷമാണ് അമ്പിളിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകളും സിഎംഎസ് കോളജില്‍ എംകോം അവസാനവര്‍ഷ വിദ്യാര്‍ഥിനിയുമാണ് ഇരുപത്തിരണ്ട്കാരിയായ അമ്പിളി.

ഹൃദയത്തിലുണ്ടായ ഒരു സുക്ഷിരം മുലം ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമാണ് അമ്പിളിയ്ക്കുള്ളത്. അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയെന്നുള്ളതായിരുന്നു. എന്നാല്‍ ഈ ശസ്ത്രക്രിയയ്ക്ക് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയ്ക്ക് നാല്‍പത് ലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു.

ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സഹായങ്ങള്‍ അമ്പിളിക്കുവേണ്ടി പ്രവഹിച്ചു. ഒരുമാസംകൊണ്ട് ഏകദേശം 90 ലക്ഷം രൂപയാണ് അമ്പിളിക്കുവേണ്ടി എത്തിയത്. തങ്ങളുടെ പ്രിയ സഹപാഠിക്കായി എംജി സര്‍വകലാശാലയിലെ മുഴുവന്‍ കോളജുകളിലെയും വിദ്യാര്‍ഥികള്‍ പിരിച്ചു നല്‍കിയത് 25 ലക്ഷം രൂപയാണ്. ശസ്ത്രക്രിയ ചെലവായി അന്‍പത് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് അവയവദാതാവിനെ ആശുപത്രി അമന്വഷിച്ച് വരികയായിരുന്നു.