ലോകരാജ്യങ്ങളില്‍ മുന്‍നിര വിനോദസഞ്ചാര നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യനഗരമായി കൊച്ചി

single-img
11 August 2015

article-79-2

ലോകരാജ്യങ്ങളില്‍ മുന്‍നിര വിനോദസഞ്ചാര നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി ഇന്ത്യയിലെ ആദ്യനഗരമായി മാറി. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന്‍ കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്. സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നല്‍കിയ രേഖകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യുചെങ്ങിന് കൈമാറി.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടൂറിസം സെക്രട്ടറി ജി. കമലവര്‍ദ്ധന റാവു, ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, ഐടിവ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, മുന്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആയോധനകല, ക്യുസീന്‍, സര്‍പ്പരൂപങ്ങള്‍, ഡ്രാഗണ്‍ ബോട്ട് മത്സരം എന്നിവയില്‍ സമാനതകളുള്ള കേരളവും ചൈനയും തമ്മില്‍ സാംസ്‌കാരിക, കായിക, വിനോദസഞ്ചാര മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ തെളിയുകയാണെന്നും ചൈനീസ് സ്ഥാനപതി പറഞ്ഞു.

ചൈനയില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇരുരാജ്യങ്ങളിലേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഗമം സംഘടിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിനോദസഞ്ചാര മേഖലയില്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റി, ഓഷനേറിയം ഉള്‍പ്പെടെയുള്ള പ്രോജക്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ചൈനയ്ക്ക് താല്‍പര്യമുള്ള കാര്യവും അദ്ദേഹം അറിയിച്ചു.

ചൈനയില്‍ നിന്ന് കേരളത്തിലേയ്ക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് അദ്ദേഹം അനുകൂല പ്രതികരണമാണ് നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി വിനോദസഞ്ചാര മേഖലയിലേതുള്‍പ്പെടെ കേരളത്തിലെ നിക്ഷേപ സാധ്യത മുന്‍ നിര്‍ത്തിയുള്ള വിശദമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ബെയ്ജിങ്ങിന് അയയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.