പാരമ്പര്യമായി കിട്ടിയ വസ്തുവിലെ നാഗത്തറ 25 വര്‍ഷമായി ദിനവും വിളക്ക് കൊളുത്തി സംരക്ഷിക്കുന്നത് ഒരു മുസ്ലീം കുടുംബം

single-img
11 August 2015

aboobakkar

പാരമ്പര്യമായി കിട്ടിയ വസ്തുവിലെ നാഗത്തറ 25 വര്‍ഷമായി ദിനവും വിളക്ക് കൊളുത്തി സംരക്ഷിക്കുന്നത് ഒരു മുസ്ലീം കുടുംബം. മുസ്ലീം സംഘടനകളില്‍ നിലവിളക്ക് വിഷയം ഏറെ ചര്‍ച്ചചെയ്യുന്ന ഈ അവസരത്തിലാണ് ഇങ്ങനെയൊരു യാഥാര്‍ത്ഥ്യം. പെരുമ്പാവൂര്‍ കൊച്ചുവള്ളം സ്വദേശിയായ അബൂബക്കറും കുടുംബവുമാണ് തന്റെ വസ്തുവിനുള്ളിലെനാഗത്തറ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നത്.

കുടുംബ വസ്തു ഓഹരിയിട്ടപ്പോള്‍ അബൂബക്കറിന് കിട്ടിയ 27.5 സെന്റിലാണ് ഈ നാഗത്തറ സ്ഥിതിചെയ്യുന്നത്. ഒരു മതവിശ്വാസത്തേയും മുറിവേല്‍പ്പിക്കരുത് എന്ന നിഷ്ഠയുള്ള അബൂബക്കറും ഭാര്യ ആസ്യയും അന്നുമുതലിന്നുവരെ ഈ നാഗത്തറ സംരക്ഷിച്ചുവരികയാണ്. നാഗത്തറ സംരക്ഷണത്തിന്റെ പേരില്‍ അബൂബക്കറിനും കുടുംബത്തിനും സ്വന്തം സമുദായത്തില്‍ നിന്നും വന്‍ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.

സമുദായത്തിന്റെ എതിര്‍പ്പുള്ളതിനാല്‍ പള്ളിയില്‍ പോലും അബൂബക്കര്‍ പോകാറില്ല. സാമൂഹ്യ വിരുദ്ധര്‍ പലഗതവണ നാഗത്തറ നശിപ്പിക്കുകയുണ്ടായി. പക്ഷേ അതുകൊണ്ടൊന്നും തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ അബൂബക്കര്‍ തയ്യാറായില്ല. ഓരോ തവണയും പോലീസ് സാന്നിദ്ധ്യത്തില്‍ ബൂബക്കര്‍ തന്നെ നാഗത്തറ പുനഃനിര്‍മിക്കുകയായിരുന്നു.

തന്റെ മരണം വരെ നാഗത്തറ സംരക്ഷിയ്ക്കുമെന്നാണ് അബൂബക്കറും ഭാര്യ ആസ്യയും പറയുന്നത്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിയ്ക്കണമെന്ന ചിന്ത്യയിലധിഷ്ഠിതമായാണ് താന്‍ ജീവിക്കുന്നതെന്ന് മകന്‍ മുജീബ് റഹ്മാനൊപ്പം താമസിക്കുന്ന അബൂബക്കര്‍ പറയുന്നു.