ചൈനയുടെ സൈനികത്താവളം രാജ്യത്ത് ഉണ്ടാകില്ലെന്ന ഇന്ത്യയ്ക്ക് മാലിദ്വീപിന്റെ ഉറപ്പ്

single-img
10 August 2015

mohammed-waheed-hassan

ചൈനയുള്‍പ്പെടെയുള്ള ഒരു വിദേശ രാജ്യത്തിന്റെയും സൈനിക താവളത്തിന് അനുമതി നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലെദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്റെ ഉറപ്പ്. മാലെദ്വീപ് പാസ്സാക്കിയ പുതിയ നിയമപ്രകാരം വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കിയത് ചൈനയുടെ സൈനിക താത്പര്യത്തിന് അനുകൂലമാണെന്ന മുന്നറിയിപ്പ് ഇന്ത്യ നല്‍കിയതിനെ തുടര്‍ന്നാണ് മാലിദ്വീപ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഡല്‍ഹിയില്‍ ഔദ്യോഗികസന്ദര്‍ശനത്തിനെത്തിയ മാലെദ്വീപ് വിദേശമന്ത്രി അലി നസീര്‍ മുഹമ്മദ് പ്രസിഡന്റിന്റെ കത്ത് വിദേശമന്ത്രി സുഷമാസ്വരാജിന് കൈമാറുകയായിരുന്നു. ഇന്ത്യാസമുദ്രം സൈനികേതര മേഖലയായിരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കുന്ന കത്തില്‍ മോദിയോട് ദ്വീപ് സന്ദര്‍ശിക്കാനുള്ള ക്ഷണവും ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവട്ടം സമുദ്രതീരത്തുള്ള മറ്റ് രാജ്യങ്ങളായ സെയ്ഷല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക എന്നിവ സന്ദര്‍ശിച്ച മോദി ആഭ്യന്തരപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാലെദ്വീപ് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച മാലെദ്വീപ് സന്ദര്‍ശിച്ച വിദേശസെക്രട്ടറി എസ്. ജയ്ശങ്കറാണ് ഇന്ത്യയുടെ ഉത്ക്കണ്ഠ അറിയിച്ചത്. മാലെദ്വീപില്‍ 99 കൊല്ലത്തെ പാട്ടത്തിന് ഭൂമി നല്‍കുന്ന രീതിക്ക് മാറ്റംവരുത്തി 100 കോടി ഡോളര്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതിനല്‍കിയത് ചൈനയ്ക്ക് സൈനികതാവളം സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്ന് ഇന്ത്യ സംശയിച്ചിരുന്നു.