വരുന്ന 12ന് രാത്രിയില്‍ ആകാശത്തേക്ക് നോക്കാന്‍ മറക്കേണ്ട; ഇന്ത്യക്കാര്‍ക്കായി നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന വമ്പന്‍ ഉല്‍ക്കമഴയൊരുക്കി ആകാശം

single-img
10 August 2015

Potentially_Dazzling_Perseid_Meteor_Shower-9a52e9bdf810cdaa36063e9262697ab6

ഇന്ത്യയിലുള്ളവര്‍ ഈ വരുന്ന 12ന് രാത്രിയില്‍ ആകാശത്തേക്ക് നോക്കാന്‍ മറക്കേണ്ട. കാരണം ഇന്ത്യക്കാര്‍ക്കായി ആകാശം കാത്തുവെച്ചിരിക്കുന്നത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന വമ്പന്‍ ഉല്‍ക്കമഴയാണ്. വര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്‌സീയഡ് ഉല്‍ക്കമഴയാണ് ഇത്തനവണ ഇന്ത്യയില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്നത്. ഉല്‍ക്കമഴ അതിന്റെ പൂര്‍ണതയില്‍ ഏറ്റവും ഭംഗിയായി കാണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കിക്കഴിഞ്ഞു.

ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ‘അമാവാസി’ സമയമായതിനാലാണ് ഉല്‍ക്കമഴ ഇത്ര ഭംഗിയായി കാണാന്‍ സാധിക്കുന്നത്. ഇതിനു മുന്‍പ് 2007ലായിരുന്നു ഇത്തരമൊരു അവസരമുണ്ടായിരുന്നത്. ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്ട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകുമ്പോള്‍ അതില്‍ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തില്‍ തങ്ങി നില്‍ക്കുകയും വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന വേളയില്‍ പഴ്‌സീയഡ് ഷവര്‍ എന്ന വമ്പന്‍ ഉല്‍ക്കമഴയുണ്ടാകുകയും ചെയ്യും.

വര്‍ഷങ്ങളായി സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഉല്‍ക്കകള്‍ സെക്കന്‍ഡില്‍ 60 കി.മീ. വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ ഇവയുടെ ചുറ്റുമുള്ള വായു ചൂടുപിടിക്കുകയും ചുറ്റിലും ചൂടോടു കൂടി ഇവ ഭൂമിയിലേക്കു കുതിച്ചു പായുന്നതോടെ തിളങ്ങുന്ന ഒരു നീളന്‍ വര ആകാശത്തു പ്രത്യക്ഷപ്പെടുകയുമാണ് ചെയ്യുക. എല്ലാവര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെ പഴ്‌സീയഡ് ഉല്‍ക്കമഴ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്.

ഇത്തവണ ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ 13 പുലര്‍ച്ചെ വരെയായിരിക്കും ഉല്‍ക്കമഴയെന്നള നാസ അറിയിച്ചു. 13ന് പുലര്‍ച്ചെ 3-4 മണിയോടെയായിരിക്കും ഉല്‍ക്കവര്‍ഷം അതിന്റെ പാരമ്യതയിലെത്തുകയെന്നും ആ സമയം മിനിറ്റില്‍ ഒന്നു വീതമെങ്കിലും ഉല്‍ക്ക മാനത്തുകൂടെ മിന്നിപ്പായുമെന്നും നാസ പറയുന്നു.