ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി വികലാംഗനായ മകനെ അമ്മ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന് സംശയം

single-img
10 August 2015

rahkiവികലാംഗനായ പതിമൂന്നുകാരനെ ഇന്‍ഷുറന്‍സ് തുകയ്ക്കായി അമ്മ കൊലപ്പെടുത്തിയെന്ന് സംശയം. ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് അമ്മ മകനെ അടിച്ചു കൊലപ്പെടുത്തിയത്. പൂനെയ്ക്കു സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയായ ചൈതന്യ ബാല്‍പാണ്ടെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ രാഖിയെ പൊലീസ് അറസ്റ്റുചെയ്തു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ മകനെ ആക്രമിച്ചതെന്നാണ് രാഖിയുടെ പക്ഷം. എന്നാല്‍ മകന്റെ പേരിലുള്ള പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കുന്നതിന് വേണ്ടിയാണെന്ന സംശയത്തിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.

കുട്ടിയെ നിരന്തരം പട്ടിണിക്ക് ഇട്ടിരുന്നതായും രാത്രി വൈകിയും ഭാരപ്പെട്ട ജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ വിസമ്മതിച്ചാല്‍ കുട്ടിയെ ഇവര്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയെ പീഡനങ്ങളില്‍ നിന്ന് രക്ഷപെടുത്താന്‍ ഒരിക്കല്‍ രാഖിയുടെ അമ്മ വിഫലശ്രമം നടത്തിയിരുന്നു.

ഭര്‍ത്താവില്‍ നിന്നു അകന്ന് കഴിയുന്ന രാഖി മുന്‍കൈയെടുത്താണ് ചൈതന്യയുടെ പേരില്‍ പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്.  ചൈതന്യ മരണപ്പെട്ടു കഴിഞ്ഞാല്‍ തുക തന്റെ പേരില്‍ എത്തുന്നതിനായി ഗുണഭോക്താവിന്റെ കോളത്തില്‍ രാഖിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. വിവാഹമോചനത്തിന്റെ നടപടികള്‍ നടക്കുന്ന സമയത്ത് രാഖി തന്നെയാണ് ഈ നിബന്ധന മുന്നോട്ടുവച്ചതും.

തുടര്‍ന്ന് തന്റെ കാമുകനൊത്ത് ചൈതന്യയെ കൊലപ്പെടുത്തി അത് അപകടമരണമായി ചിത്രീകരിക്കാന്‍ രാഖി പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. കൊലപാതക കേസ് അപകട മരണമായി ചിത്രീകരിക്കാനായിരുന്നു രാഖി തുടക്കം മുതല്‍ ശ്രമിച്ചത്. ഇതിനായി പല കഥകളാണ് രാഖി  പൊലീസിന് മൊഴി നല്‍കിയത്. കുളിമുറിയില്‍ തെന്നിവീണ് ബോധംകെട്ടു എന്നാണ് ചൈതന്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതുപോലുള്ള പാടുകള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിച്ചു. ചോദ്യംചെയ്യലില്‍ രാഖി മകനെ അടിച്ചകാര്യം വെളിപ്പെടുത്തുകയായിരുന്നു.