ഇ.എസ്.ഐ സേവന പരിധി വര്‍ധിപ്പിക്കുന്നു;നിര്‍മാണത്തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികള്‍ തുടങ്ങിയവരെ ഇ.എസ്.ഐ പരിധയില്‍ ഉള്‍പ്പെടുത്തും

single-img
8 August 2015

bandarudattatreyaഇഎസ്‌ഐ സേവന പരിധി വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആശ ആരോഗ്യ പദ്ധതി പ്രവര്‍ത്തകര്‍, സൈക്കിള്‍ റിക്ഷ തൊഴിലാളികള്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഇഎസ്‌ഐ സേവന പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ തീരുമാനിച്ചു.

ഇതോടൊപ്പം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇ.എസ്.ഐ വ്യാപിപ്പിക്കാനും ഡിസ്‌പെന്‍സറികളെല്ലാം ആറ് കിടക്കകളുള്ള ചെറു ആസ്പത്രികളായി വികസിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാനതലങ്ങളില്‍ പ്രത്യേക ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഉണ്ടാക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇഎസ്‌ഐ പ്രത്യേക പാക്കേജ് തയാറാക്കുന്നതിനു സമിതി രൂപീകരിക്കും.കേന്ദ്ര തൊഴില്‍ സഹമന്ത്രി ബണ്ഡാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച്ച ചേര്‍ന്ന ഇഎസ്‌ഐ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.

നിലവില്‍ ഇഎസ്‌ഐ പദ്ധതിയിലുള്ള അംഗങ്ങളില്‍ നിന്ന് ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമയില്‍ നിന്ന് 4.75 ശതമാനവുമടക്കം ആകെ ശമ്പളത്തിന്റെ 6.5% തുകയാണു വിഹിതമായി കോര്‍പറേഷനിലേക്ക് അടയ്ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിഹിതമുള്‍പ്പെടെ സമിതി തീരുമാനിക്കും. ഇഎസ്‌ഐ പദ്ധതിയില്‍ രാജ്യത്താകെ രണ്ടു കോടി അംഗങ്ങളടക്കം എട്ടു കോടിയോളം ഗുണഭോക്താക്കളാണുള്ളത്. പദ്ധതി വിപുലീകരിക്കുന്നതോടെ അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും എണ്ണം ഇരട്ടിയിലധികമാകുമെന്നാണു കണക്ക്കൂട്ടുന്നത്.

കേരളത്തിലെ 14 ജില്ലകളിലെ മുഴുവന്‍ സ്ഥലങ്ങളും ഇ.എസ്.ഐക്ക് കീഴില്‍ വരും. സംസ്ഥാനത്ത് 138 ഡിസ്‌പെന്‍സറികളും 11 ആസ്പത്രികളുമാണ് ഇ.എസ്.ഐക്കുള്ളത്. ഈ ഡിസ്‌പെന്‍സറികളെല്ലാം ആറു കിടക്കകളുള്ള, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെറു ആസ്പത്രികളാക്കും.