സംസ്ഥാനത്തെ പൗരന്മാര്‍ പൊലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ് കോടതിയിലെത്തണമെങ്കില്‍ കേരളവും ബിഹാറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നു ഹൈക്കോടതി

single-img
7 August 2015

kerala-high-court

സംസ്ഥാനത്തെ പൗരന്മാര്‍ പൊലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ് കോടതിയിലെത്തണമെങ്കില്‍ കേരളവും ബിഹാറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നു ഹൈക്കോടതി. പൊതു നിയമം നടപ്പാക്കാനും നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും പൊലീസ് കര്‍ശനമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊല്ലം കുണ്ടറയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ ബന്ധുവില്‍ നിന്നു മര്‍ദനമേല്‍ക്കേണ്ടി വന്ന വീട്ടമ്മ ദീപ്തിമോള്‍ സ്മിത ജോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാഗമര്‍ശം. വീട്ടമ്മ ഹര്‍ജിക്കൊപ്പം ഹാജരാക്കിയ അക്രമിസംഘം വീടുകയറി ആക്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ കോടതിമുറിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

സിവില്‍തര്‍ക്കമാണെന്ന പേരില്‍ പോലീസ് കേസെടുക്കാതിരുന്ന സാഹചര്യത്തിലാണ് വീട്ടമ്മ കോടതിയിലെത്തിയത്. വീടുകയറി ആക്രമിക്കുകയും തടി വെട്ടി കടത്തുകയും ചെയ്തിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു വീട്ടമ്മ ആരോപിച്ചു. വിഷയം ഡിജിപി പരിശോധിക്കണമെന്നു നിര്‍ദേശിച്ച കോടതി, ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണ ചുമതല വഹിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസിന്റെ നിഷ്‌ക്രിയത്വം കാരണം നീതി തേടി ജനം കോടതിയെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാകുന്നുവെന്നും മകാടതി ചൂണ്ടിക്കാട്ടി. നിയമവാഴ്ച ഉറപ്പാക്കാനും നിയമം നടപ്പാക്കാനും പൊലീസിനു ബാധ്യതയുണ്ടെന്നും പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പോലീസ് വീഴ്ചവരുത്താന്‍ പാടില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തെ ഭരണഘടനയും നിയമവാഴ്ചയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ കോടതികള്‍ക്കു കണ്ണുംകെട്ടി ഇരിക്കാനാവില്ലെന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി.