നിരായുധരായ സഹപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത ഭീകരന്റെ ജീവന്‍ റോക്കി എടുത്തു, പകരം തന്റെ ജീവന്‍ നല്‍കി

single-img
7 August 2015

udhampur-attack759

ആക്രമണ സന്നദ്ധനായി പാഞ്ഞടുത്ത ഭീകരനില്‍ നിന്നും തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ റോക്കി മലയായി മുന്നില്‍ നിന്നു. ശരീരത്ത് വെടിയേറ്റിട്ടും ഭീകരനെ വെടിവെച്ച് കൊന്ന് തന്റെ സഹപ്രവര്‍ത്തകരെ രക്ഷിച്ച് റോക്കി മരണത്തിന് പിടികൊടുക്കുകയായിരുന്നു.

കശ്മീരിലെ ഉധംപൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചത് അതിര്‍ത്തിരക്ഷാസേന കോണ്‍സ്റ്റബിള്‍ റോക്കി(27)യാണെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് അറിയിച്ചു. ഭീകരനെ വധിച്ചത് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ആണെന്ന് സിആര്‍പിഎഫ് അധികൃതര്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ബി.എസ്.എഫ് വിശദീകരണവുമായി രംഗശത്തത്തിയത്. ആക്രമണത്തില്‍ റോക്കിയും മരിച്ചിരുന്നു.

ഹരിയാനയിലെ യമുനനഗര്‍ സ്വദേശിയായ റോക്കിയാണ് ഭീകരരോട് ഏറ്റുമുട്ടി വീരചരമമടഞ്ഞത്. ബിഎസ്എഫ് ജവാന്മാരുമായി പോയിരുന്ന ബസിനെ ഭീകരര്‍ രണ്ടു വാഹനങ്ങളിലായി മറികടന്നപ്പോള്‍ ഒരു ഭീകരന്‍ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസില്‍ കയറാന്‍ ഓടിവരികയായിരുന്നു. ബസില്‍ ആയുധമുണ്ടായിരുന്നത് റോക്കിക്കു മാത്രമായിരുന്നു. ഭീകരന്റെ ആകമണം മുന്‍കൂട്ടിക്കണ്ട റോക്കി ഭീകരനു നേരെ നിറയൊഴിക്കുകയായിരുന്നു. ഭീകരന്‍ തിരിച്ചും ആക്രമിച്ചു.

ഒരുപക്ഷേ റോക്കി നിറയൊഴിച്ചില്ലായിരുന്നെങ്കില്‍ ബസില്‍ ഭീകരന്‍ കടക്കുകയും ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. മുപ്പതിലേറെ ബിഎസ്എഫ് ഭടന്മാരാണു ഈ സമയത്ത് ആ ബസിലുണ്ടായിരുന്നത്. ബസിന്റെ ഡ്രൈവര്‍ ശുഭേന്ദു റോയിയും ഭീകരരുടെ വെടിവയ്പില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ സമയം സിആര്‍പിഎഫും ഭീകരര്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു.

ജവാന്മാര്‍ക്കും ഭീകരനെ ജീവനോടെ പിടികൂടാന്‍ ധൈര്യം കാണിച്ച ഗ്രാമീണര്‍ക്കു ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ട ബിഎസ്എഫ് ഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കു ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.