ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് കോടതി ഇടവേളയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മുന്തിയ ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കാനും രണ്ടുമണിക്കൂര്‍ നേരം ബന്ധുക്കള്‍ക്കൊപ്പം ചെലവഴിക്കാനും പോലീസ് അവസരമൊരുക്കി

single-img
5 August 2015

Nissam-HO41s

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് പോലീസിന്റെ വഴിവിട്ട സഹായം. ചട്ടങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി നിഷാമിന് ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കാനും രണ്ട് മണിക്കൂറിലേറെ ബന്ധുക്കള്‍ക്കൊപ്പം ചെലവഴിക്കാനും അവസരം ഒരുക്കിക്കൊടുത്താണ് പോലീസ് ‘കരുണ’ കാട്ടിയത്. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ നിഷാമിന് സഹായം ചെയ്ത അഞ്ച് പൊലീസുകാരെ സസ്‌പെന്‍സ് ചെയ്യാന്‍ ഡി.ജി.പിയോട് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നിഷാമിനെ തൃശൂര്‍ ജില്ലാ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഈ സംഭവം. കോടതി ഉച്ചയ്ക്ക് രണ്ടുമണിയിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിയതോടെയാണ് പൊലീസുകാര്‍ നിഷാമിനെ തൃശൂര്‍ നഗരത്തിലെ പ്രശസ്തമായ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് കണ്ണൂരില്‍ നിന്നെത്തിയ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും നിഷാമിന്റെ അഭിഭാഷകരും ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും നിഷാമിന് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി വ്യക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ എആര്‍ ക്യാംപിലെ എസ്‌ഐ അടക്കം അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിഷാമിന് അവസരമൊരുക്കിയത് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിചാരണ വേളയില്‍ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ച് ഹോട്ടലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്താന്‍ നിഷാമിന് പൊലീസ് അവസരം ഒരുക്കിയതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപി സെന്‍കുമാര്‍ തൃശൂര്‍ കമ്മിഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.