മുബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പ്രസവിച്ച യുവതിയേയും കുഞ്ഞിനേയും മലയാളി നഴ്‌സുമാരായ മിനിയും സലിമോളും പൊക്കിള്‍ക്കൊടി മുറിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടുത്തി

single-img
5 August 2015

Nurses Malayalis

ട്രെയിനില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി മലയാളി നഴ്‌സുമാര്‍. മുംബൈയില്‍ ഓടികൊണ്ടിരുന്ന ട്രെയിനില്‍ പ്രസവിച്ച യുവതിയേയും കുഞ്ഞിനേയും തൊടുപുഴ വണ്ണപ്പുറം തോപ്പില്‍ മിനി ടാജു, കട്ടപ്പന വെള്ളിലാങ്കണ്ടം പുന്നക്കുഴിയില്‍ സലിമോള്‍ സാജു എന്നി നഴ്‌സുമാര്‍ പൊക്കിള്‍ക്കൊടി മുറിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

മുംബൈ മാന്‍ഗസൂറില്‍നിന്നു ബൈക്കുളയിലേക്കുപോയ സിറ്റി ട്രെയിനിലെ ലേഡീസ് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ പ്രസവിച്ച മുംബൈ സ്വദേശിനി സാമാ ഷെയ്ക്കിനാണു മലയാളി നഴ്‌സുമാര്‍ രക്ഷകരായത്. മുംബൈയ്ക്കടുത്തു സേവേരിയില്‍വച്ചു ഇന്നലെ രാവിലെ 8.50നാണ് യുവതി പ്രസവിച്ചത്.

മുംബൈ ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരായ ഇരുവരും ജോലി സംബന്ധമായ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ പോകവേയായിരുന്നു ഈ സംഭവം. തനിക്ക് പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നു സാമ ഭര്‍തൃമാതാവിനൊപ്പം ട്രെയിനില്‍ ആശുപത്രിയിലേക്കു പോകുകയായിരുന്നു. എന്നാല്‍ വേദന കലശലായതോടെ നഴ്‌സുമാര്‍ സമീപ സീറ്റില്‍ യാത്രചെയ്തിരുന്ന മറ്റുസ്ത്രീകളെ മാറ്റി സീറ്റില്‍ തന്നെ പ്രസവം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

പ്രസവിച്ച ശേഷം ഒരു യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്ന കത്രിക വാങ്ങി പൊക്കില്‍കൊടി മുറിക്കുകയും മറ്റു ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. സേവേരി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മിനിയും സലിമോളും ആണ്‍കുഞ്ഞിനെ തൂണിയില്‍ പൊതിഞ്ഞെടുത്ത് യുവതിയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുകയും റെയില്‍വേ പോലീസിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള ക്ലിനിക്കിലെത്തി ശുശ്രൂഷ നല്‍കുകയുമായിരുന്നു.

സംഭവമറിഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പാഞ്ഞെത്തി അമ്മയെയും കുഞ്ഞിനെയും മുംബൈയിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനിയേയും സലിമോളേയും അഭിനന്ദിക്കാനും ഉദ്യോഗസ്ഥര്‍ മറന്നില്ല. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.