ഓട്ടോതൊഴിലാളിയായ അലവിക്കുട്ടിക്ക് വൈദികനായ ബെറ്റ്‌സണ്‍ തന്റെ വൃക്ക ദാനം നല്‍കി ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയപ്പോള്‍ അലവിക്കുട്ടിയുടെ പത്‌നി ഫാത്തിമാ സുഹറ തന്റെ വൃക്ക കഷ്ടതയനുഭവിക്കുന്ന വൃക്കരോഗിയായ വൈഷ്ണവിയെന്ന പെണ്‍കുട്ടിക്ക് നല്‍കുന്നു

single-img
5 August 2015

heart-health.jpg.image.784.410

മലപ്പുറം കൂട്ടിലങ്ങാടി പനങ്ങാടന്‍ വീട്ടില്‍ അലവിക്കുട്ടിയുടെ ശരീരത്തില്‍ പടിഞ്ഞാറെ ചാലക്കുടി തുക്കുപറമ്പില്‍ ബെറ്റ്‌സണ്‍ എന്ന വൈദികന്‍ ദാനം ചെയ്ത വൃക്ക പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അലവിക്കുട്ടിയുടെ ഭാര്യ ഫാത്തിമാ സുഹറ തന്റെ വൃക്ക പാലക്കാട് നെന്മാറ പുത്തന്‍തറയില്‍ വൈഷ്ണവിക്ക് ദാനം നല്‍കി ഒരു പുതുജീവിതം നല്‍കും. മതഭ്രാന്തിനാല്‍ പുകയുന്ന മനസ്സുകള്‍ക്ക് കണ്ടുപഠിക്കാനൊരു നൂതന പാഠം നല്‍കുകയാണ് ഈ ഒരുകൂട്ടം ജനങ്ങള്‍.

കഴിഞ്ഞ ദിവസം ഫാ. ബെറ്റ്‌സണ്‍ ദാനം നല്‍കിയ വൃക്ക ഓട്ടോ ഡ്രൈവറായ അലവിക്കുട്ടിയുടെ ശരീരത്തില്‍ ചേര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം അലവിക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ ഇടയ്ക്ക് വെച്ച് ജീവിതച്ചരട് പൊട്ടിച്ചെറിയാതെ കാത്ത വൈദികന് ാദരമായി അലവിക്കുട്ടിയുടെ ഭാര്യ വൃക്കരോഗം മൂലം വിഷമിക്കുന്ന മറ്റൊരു പെണ്‍കുട്ടിക്ക് സ്വമേധയാ തന്റെ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരു വൃക്കകളും ഗുരുതരമായ രീതിയില്‍ തകരാറിലായ അലവിക്കുട്ടി ഒരു വര്‍ഷം മുന്‍പാണ് കിഡ്‌നി ഫെഡറേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ വടക്കാഞ്ചേരി സെന്റ് മേരീസ് പോളിടെക്‌നിക് ഡയറക്ടറായ ഫാദര്‍ ബെറ്റ്‌സണിന്റെ രക്തഗ്രൂപ്പുമായി അലവിക്കുട്ടിയുടേത് ചേരുന്നതിനാല്‍ ഫാദര്‍ തന്റെ വൃക്ക അലവിക്കുട്ടിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോട് മിംസ് ആശുപത്രിയിലായരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ സമയത്ത് ഓപ്പറേഷന്‍ തീയറ്ററിനു പുറത്ത് ഫാ. ബെറ്റ്‌സന്റെ മാതാപിതാക്കളും സഹവൈദികരും അലവിക്കുട്ടിയുടെ ബന്ധുക്കളുമുണ്ടായിരുന്നു. മനഎംനിറഞ്ഞ പ്രാര്‍ത്ഥനകളുടെ അകമ്പടിയോടെ ശസ്ത്രക്രിയ വിജയകരമായി അവസാനിക്കുകയായിരുന്നു.

വൈഷ്ണവിക്ക് അച്ഛന്‍ കേശവന്റെ വൃക്ക ആദ്യം നല്‍കിയെങ്കിലും വൈഷ്ണവിയുടെ ശരീരം അത് നിരാകരിക്കുകയായിരുന്നു. ഇക്കാര്യമറിഞ്ഞ സുഹറ തന്റെ വൃക്ക വൈഷ്ണവിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വൈഷ്ണവിയുടെ കുടുംബത്തിന്റെ വിഷമം തനിക്ക് നേരിട്ട് അറിയാവുന്നതിനാല്‍ തങ്ങളുമായി ഒരു ബന്ധം പോലമില്ലാത്ത ഒരാള്‍ തങ്ങളെ സഹായിക്കാന്‍ ഓടിയെത്തിയതുപോലെ താനും തന്റെ വൃക്ക വൈഷ്ണവിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സുഹറ പറയുന്നു.

ഓഗസ്റ്റ് മാസം അവസാനത്തോടെ സുഹറയുടെ വൃക്ക വൈഷ്ണവിയുടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മനുഷ്യസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളായ ഈ മനുഷ്യരെ ലോകം ഇനി അത്ഭുതത്തോടെ നോക്കും, അതിലുപരി ചലരെങ്കിലും അവരെ മാതൃകയാക്കും. അതുതന്നെയാണ് ഈ പ്രവര്‍ത്തിയുടെ പുണ്യവും.