പുണ്യപുരാണ നാടകത്തിലേക്കൊരു തിരിച്ചുപോക്ക്

single-img
4 August 2015

rudra-simhasanam-movie-details-2015-biography-onlineഅനന്തഭദ്രം എന്ന സിനിമയ്ക്ക് ശേഷം ഒരു ദശാബ്ദത്തിനിപ്പുറം മന്ത്രവാദത്തെയും അന്തവിശ്വാസങ്ങളെയും കൂടിയൊരു കഥയുമായി ഇറങ്ങിയ ചിത്രമാണ് രുദ്രസിംഹാസനം. അനന്തഭദ്രത്തിന് കഥയെഴുതിയ സുനില്‍ പരമേശ്വരന്‍ തന്നെയാണ് രുദ്രസിംഹാസനത്തിനും കഥ പിറന്നത്. അടുത്ത കാലത്തായി സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് നോട്ടമിട്ട സുരേഷ് ഗോപിയുടെ തിരിച്ചുവരവായാണ് പ്രേക്ഷകര്‍ ഈ സിനിമയെ വിലയിരുത്തുന്നത്. രുദ്രസിംഹന്‍ എന്ന യോഗിയായാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്.

മനവത്തൂര്‍ കോവിലകമാണ് സിനിമയുടെ പശ്ചാത്തലം. കോവിലകത്തിന്റെ ഗൃഹനാഥന്‍ നീലകണ്ഠ രാജ താന്‍ വളര്‍ത്തിയ ആനയുടെ ചവിട്ടേറ്റ് മരിക്കുന്നതോടെ ആ തറവാട്ടില്‍ ദുര്‍വിധികളുടെ ഘോഷയാത്ര ആരംഭിക്കുകയാണ്. തുടര്‍ന്ന് സ്വത്തുക്കളുടേയും തറവാടിന്റേയും ഉത്തരവാദിത്തം നീലകണ്ഠ രാജയുടെ മകള്‍ ഹൈമവതിയുടെ ചുമലിലാവുന്നു. അച്ഛന്റെ വിശ്വസ്തരായി കൂടെ നിന്നവര്‍ കോവിലകം പിടിച്ചെടുക്കാനുള്ള ശ്രമത്തെ ഹൈമവതി നേരിടുന്നതാണ് സിനിമയുടെ കഥ. ഹൈമവതിക്ക് ശക്തി പകര്‍ന്ന് രുദ്രസിംഹന്‍ എന്ന യോഗി അവതരിക്കുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. നീലകണ്ഠരാജയായി ദേവനും, മകള്‍ ഹൈമവതിയായി നിക്കി ഗല്‍റാണിയും മികച്ച അഭിനയം കാഴ്ചവെക്കുന്നു.

അന്തപുരത്തിലെ സര്‍പ്പശാപമോ ജാതക ദോഷമോ ഉള്ള പെണ്ണുങ്ങള്‍ക്ക് സ്വന്തം വിധിയെ പഴിച്ച് അകത്തളങ്ങളില്‍ ഒതുങ്ങി കൂടേണ്ടി വന്ന ദുരവസ്ഥയും സിനിമ വരച്ചു കാട്ടുന്നു. ഇതൊക്കെയാണെങ്കിലും കെട്ടുപൊട്ടിക്കാന്‍ അവസരം കാത്തിരിക്കുന്ന ഒരു പെണ്ണെങ്കിലും എല്ലാ കോവിലകത്തും ഉണ്ടാവുമെന്നും സിനിമ പറഞ്ഞു വയ്ക്കുന്നു. സുരേഷ് ഉണ്ണിത്താന്‍ അയാള്‍ സിനിമയില്‍ പറഞ്ഞുവച്ചിരുന്നു.
bg7
നായകനടനെന്ന നിലയില്‍ സുരേഷ് ഗോപിയെ നാണം കെടുത്തുന്ന റോളായിപ്പോയി ദുദ്രനെന്ന് പ്രേക്ഷകന് തോന്നിപ്പോകും, കാരണം സംഭാഷണങ്ങള്‍ കൊണ്ട് കിടിലന്‍ കൊള്ളിച്ച ഒരു നായകന് സംഭാഷണങ്ങള്‍ നല്‍കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും പിശുക്ക് കാണിക്കുന്ന അവസ്ഥ. പോലീസ് വേഷങ്ങളില്‍ വാക്‌പോരാട്ടത്തിലൂടെ പ്രേക്ഷ ശ്രദ്ധ പിടിച്ചുപറ്റിയ നായകനായ സുരേഷ് ഗോപിയുടെ രുദ്രന്‍ തികച്ചും പരാജയം.

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ.ജയന്‍ അവതരിപ്പിച്ച ദിംഗബരന്‍ എന്ന കഥാപാത്രത്തിന്റെ മറ്റൊരു രൂപത്തേയും നമുക്ക് സിനിമയില്‍ കാണാം. സമീപകാലത്ത് മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ സുധീര്‍ കരമനയാണ്, കുന്നത്ത് ഭൈരവന്‍ എന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മന്ത്രവാദിയുടെ കെട്ടും മട്ടും ഒക്കെയുണ്ടെങ്കിലും സുധീറിന് അല്‍പം കൂടി പരിശ്രമിച്ചിരുന്നെങ്കില്‍ കഥാപാത്രത്തെ കുറച്ച് കൂടി നന്നാക്കാമായിരുന്നു.

തമ്പുരാക്കന്മാരുടെ അവിഹിത കഥകളുടെ ക്ലീഷേ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. സാധാരണയായി അത് അടിച്ചു തെളിക്കാരികളില്‍ ആയിരുന്നു തമ്പുരാന്റെ ജാരസന്തതികളെങ്കില്‍ ഇവിടെ ക്ഷയിച്ചു പോയ മറ്റൊരു കോവിലകത്താണ്.

ആണ്‍കരുത്ത് അറിയാത്ത കോവിലകത്തെ പെണ്ണിന്റെ പ്രതീകമായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത് മോഹിനി തമ്പുരാട്ടിയായെത്തിയ കനിഹ, ശ്വേത മേനോന്റെ ഉമയമ്മ എന്നീ വേഷങ്ങള്‍ പ്രേക്ഷകനെ പിടിച്ചിരുത്തും. മോഹിനിയും ഉമയമ്മയും ആണുങ്ങളെ വശീകരിക്കുന്നവരുടെ രണ്ട് പ്രതീകങ്ങളാണ്.

നിഷാന്തിനൊപ്പമുള്ള ഗാനരംഗങ്ങളില്‍ മോഹിനിയുടെ ആകര്‍ഷണീയത പ്രകടമാക്കുന്നു. രതിനിര്‍വ്വേദത്തിലെ കണ്ണോരം എന്ന ഗാനരംഗം ഓര്‍മ വരും. നെടുമുടി വേണു, നിഷാന്ത് സാഗര്‍, സുനില്‍ സുഖദ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ തങ്ങളുടെ വേഷം ഭംഗിയാക്കി.
പ്രെയിസ് ദ ലോഡ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷിബു ഗംഗാധരനാണ് രുദ്രസിംഹാസനം സംവിധാനം ചെയ്തിരിക്കുന്നത്.
ഹേമാംബിക ഗോള്‍ഡന്‍ റേയ്‌സിന്റെ ബാനറില്‍ അനിലന്‍ മാധവന്‍, സുനില്‍ പരമേശ്വരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയശ്രീ കിഷോറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശ്വജിത്ത്, ഛായാഗ്രഹണം ജിത്തു ദാമോദര്‍, എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്.