കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ട് ഒന്‍പത് വയസുള്ളപ്പോള്‍ അതിര്‍ത്തി കടന്നെത്തി പതിനാല് വര്‍ഷമായി പാകിസ്ഥാനില്‍ ജീവിക്കുന്ന ഊമയും ബധിരയുമായ ഗീത എന്ന യുവതിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

single-img
4 August 2015

indian-girl

കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ട് പതിനാല് വര്‍ഷമായി പാകിസ്ഥാനില്‍ ജീവിക്കുന്ന ഊമയും ബധിരയുമായ ഗീത എന്ന യുവതിയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചു. പാക് മുന്‍ മന്ത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്‍സാര്‍ ബേണിയുടെ സന്ദേശത്തിനുള്ള മറുപടിയായാണു സുഷമ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഗീതയ്ക്ക് കുടുംബവുമായി ചേരാന്‍ കൊതിയുണ്ടെങ്കിലും അവര്‍ ആരെന്നോ എവിടെയെന്നോ കൃത്യമായി അറിയാത്ത അവസ്ഥയാണ്. ഗീതയുടെ അവസ്ഥ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ അതുകണ്ട വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഡോ. ടി.സി.എ. രാഘവനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈയിടെ ഇറങ്ങിയ ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനും പറയുന്നത് സമാന കഥയാണ്. ഈ ചിത്രം പാകിസ്ഥാനിലും വന്‍ വിജയമായിരുന്നു.

ഒന്‍പതു വയസുള്ളപ്പോള്‍ അതിര്‍ത്തി കടന്ന് അപ്പുറത്തെത്തിയ ഗീതയെ പാകിസ്താനി റേഞ്ചേഴ്‌സിലെ സൈനികരാണ് ലാഹോറിലെ സാമൂഹിക പ്രവര്‍ത്തന സംഘടനയായ ഏഥി ഫൗണ്ടേഷനില്‍ എത്തിച്ചത്. ഏഥി ഫൗണ്ടേഷന്‍ പെണ്‍കുട്ടിക്ക് ഗീത എന്ന പേരു നല്‍കുകയും അവിടെ താമസിപ്പിക്കുകയുമായിരുന്നു. ഗീതയുടെ കുടുംബത്തെ കണ്ടെത്താന്‍ സംഘടന ഏറെ ശ്രമിച്ചെങ്കിലും അത് ലക്ഷ്യം കണ്ടില്ല.

ഇടയ്‌ക്കൊക്കെ ഗീത ആംഗ്യത്തിലൂടെ തനിക്ക് ഏഴ് സഹോദരന്‍മാരും നാല് സഹോദരിമാരുമുണ്ടെന്ന് സൂചിപ്പിക്കും. ഗീത കടലാസില്‍ കുത്തിക്കുറിക്കുന്നതില്‍ 193 എന്ന സംഖ്യ എല്ലായ്‌പോഴും കടന്നുവരാറുണ്ടെന്നും അത് അവളുടെ വീട്ടുനമ്പറാകാമെന്നുമാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ കരുതുന്നത്. പാകിസ്താനില്‍ നിന്നു തന്നെ ഒരു ഹിന്ദു വരനെ കണ്ടെത്തി വിവാഹം ചെയ്യിക്കാന്‍ ഏഥി ഫൗണ്ടേഷന്‍ ശ്രമിച്ചെങ്കിലും തന്റെ കുടുംബത്തെ കണ്ടെത്താതെ അതില്ലെന്ന നിലപാടിലാണ് ഗീത.

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഗീതയുടെ കുടുംബത്തെ കണ്ടെത്താനായി ഫെയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തുകയാണ് പാകിസ്ഥാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ അന്‍സാര്‍ ബേണി.