ഓണക്കാലത്തു ജൈവ പച്ചക്കറി വില്‍പനയ്ക്ക് സംസ്ഥാനത്ത് സി.പി.എമ്മിന്റെ വക രണ്ടായിരം സ്റ്റാളുകള്‍

single-img
1 August 2015

Kanji_2

പച്ചക്കറിയിലുള്ള വിഷത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട് കേരളത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓണക്കാലത്ത് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം എത്തുന്നു. ഓണക്കാലത്തു ജൈവ പച്ചക്കറി വില്‍പന നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരം സ്റ്റാളുകള്‍ തുറക്കുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കൊല്ലം ജില്ലയെ ജൈവപച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഞ്ചലിലുള്ള ജൈവപച്ചക്കറി ഫാം സന്ദര്‍ശിച്ച ശേഷമാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷം കൊണ്ട് ജില്ലയ്ക്ക് ആവശ്യമുള്ളതില്‍ 80 ശതമാനം പച്ചക്കറികളും ഉത്പാദിപ്പിക്കാന്‍ ജില്ല പഞ്ചായത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഫാമുകളിലായി 100 ഏക്കറില്‍ ജില്ല പഞ്ചായത്ത് നേരിട്ട് നടത്തുന്ന കൃഷിയും, വീട്ടുവളപ്പിലും, മറ്റ് തോട്ടങ്ങളിലും കൃഷിയും ഏകോപിപ്പിച്ചാണ് ഈ സംരംഭം വിജയത്തിലെത്തിക്കുന്നത്. സര്‍ക്കാരുകള്‍ എല്ലാം ചെയ്യട്ടെ രാഷ്ട്രീയ പര്‍ട്ടികള്‍ നോക്കി നിന്നാല്‍ മതിയെന്ന മനോഭാവത്തിന് മാറ്റം വരുത്താന്‍ സി.പി.എമ്മിന്റെ ഇടപെടലിലൂടെ കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.