68 വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ നേടിയ പ്രദേശങ്ങളിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആഘോഷിച്ചത് ദേശിയഗാനം ആലപിച്ചും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയും

single-img
1 August 2015

BANGLADESH

എഴു പതിറ്റാണ്ടായി ദേശമില്ലാതിരുന്ന പതിനായിരങ്ങള്‍ക്ക് ഒറ്റരാത്രി കൊണ്ട് പൗരത്വം ലഭിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ഭൂപ്രദേശ കൈമാറ്റക്കാര്‍ നിലവില്‍ വന്നതോടെ ബംഗ്ലാദേശ് അതിര്‍ത്തിക്കുളളിലെ 17,160 ഏക്കര്‍ വിസ്തൃതിയുളള 111 പ്രദേശങ്ങളില്‍ ഇനി ഇന്ത്യയ്ക്ക് പരമാധികാരം ലഭിച്ചു. ഇവിടെയുളള 14,856 പേര്‍ ഇനി ഇന്ത്യാക്കാര്‍.

ഇന്ത്യന്‍ അതിര്‍ത്തിയ്ക്കുളളിലെ 7110 ഏക്കര്‍ വരുന്ന 51 എന്‍ക്ലേവുകള്‍ ഇനി ബംഗ്ലാദേശിനും സ്വന്തമാകും. 37,369 പേര്‍ക്ക് ബംഗ്ലാദേശ് പൗരത്വവും ലഭിക്കും. വെളളിയാഴ്ച രാത്രി പന്ത്രണ്ട് മണി ഒരു മിനിറ്റ് കഴിഞ്ഞപ്പോഴാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയ്ക്ക് ലഭിച്ച 111 പ്രദേശങ്ങളില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു. തുടര്‍ന്ന് ജനങ്ങള്‍ ദേശീയ ഗാനം ആലപിച്ചു.

68 വര്‍ഷത്തെ അനിശ്ചിതത്വത്തില്‍ നിന്നുളള മോചനത്തിന്റെ പ്രതീകമായി 68 മെഴുകുതിരികളും തെളിച്ചു. ബംഗ്ലാദേശിന് കൈമാറിയ പ്രദേശങ്ങളില്‍ ബംഗ്ലാദേശ് പതാകയും ഉയര്‍ന്നു. അവരും തങ്ങളുടെ ദേശീയ ഗാനം ആലപിച്ചു. അടുത്തകൊല്ലം ജൂണ്‍ 30ഓടെ ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ മാസം നടന്ന പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പിട്ടത്.