സൗത്ത് ഇന്ത്യന്‍ അഗ്രിഫെസ്റ്റില്‍ നടക്കുന്നത് വ്യാപക അഴിമതിയെന്ന് പരാതി; നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി ഭരണകക്ഷിയിലെ ഉന്നതന്റെ അടുത്തയാളിന് ടെണ്ടര്‍ മറിച്ചു നല്‍കി

single-img
1 August 2015

India

2015 ഓഗസ്റ്റ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ അഗ്രിഫെസ്റ്റില്‍ വ്യാപക അഴിമതി നടക്കുന്നുവെന്ന് പരാതി. പ്രസ്തുത പരിപാടിക്കുള്ള ഇ-ടെണ്ടര്‍ നടപടിക്രമങ്ങളേയും യോഗ്യതയുള്ളവരേയും അവഗണിച്ച് ബാംഗഌരിലെ ഉന്നത വ്യവസായിക്ക് ടെണ്ടര്‍ കൈമാറിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

2015 ലെ കാര്‍ഷിക ദിനാചരണത്തോട് അനുബബന്ധിച്ച് ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപ വാര്‍ഷിക ടേണോവറും ദേശിയ തലത്തില്‍ മേളകള്‍ നടത്തി പരിചയമുള്ളവരുമായ കമ്പനികളെയാണ് ഈ ടെണ്ടറിയേക്ക് ക്ഷണിച്ചിരുന്നു. അപ്രകാരം തിരുവനന്തപുരത്തും കോഴിക്കോട്ടും ബാംഗ്ലൂരിലുമുള്ള മൂന്ന് കമ്പനികളാണ് പ്രസ്തുത ടെണ്ടറില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തുള്ള ഗ്രീന്‍തോട്ട്‌സ്, കോഴിക്കോടുള്ള ഉമ്രാസ് എന്റപ്രൈസസ്, ബാംഗ്ലൂരിലുള്ള ഫണ്‍വേള്‍ഡ് എന്നീ സ്ഥാപനങ്ങളാണ് അവ.

എന്നാല്‍ ടെണ്ടര്‍ പൂര്‍ത്തിയായപ്പോള്‍ യോഗ്യതാ നടപടിക്രമങ്ങള്‍ മറികടന്ന് കോടികളുടെ ടേണോവറും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള തിരുവനന്തപുരത്തെ ഗ്രീന്‍തോട്ട്‌സിനെ ഒഴിവാക്കി ബാംഗ്ലൂരിലെ ഫണ്‍വേള്‍ഡിന് പ്രസ്തുത ടെണ്ടര്‍ നല്‍കുകയായിരുന്നു. ഒരു ദേശിയ മേളപോലും സംഘടിപ്പിക്കാത്ത ഫണ്‍വേള്‍ഡിന് സംസ്ഥാന ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമവിരുദ്ധമായി ടെണ്ടര്‍ മറിച്ചു നല്‍കിയതെന്ന് ഗ്രീന്‍തോട്ടസ് ഡയറക്ടര്‍ രാജു പള്ളിക്കര ആരോപിക്കുന്നു. കൃഷിവകുപ്പ് ഡയറക്ടര്‍ അജിത് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ചന്ദ്രന്‍കുട്ടി, സംസ്ഥാന ഹോള്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍, എന്നിരവുള്‍പ്പെട്ട സംഘമാണ് ടെണ്ടറുകള്‍ സൂക്ഷ്മപരിശോധന നടത്തിയതും അംഗീകരിച്ചതും.

കണ്ണൂര്‍ പോലീസ് മൈതാനിയില്‍ എല്ലാവര്‍ഷവും ഓണത്തിനോടനുബന്ധിച്ച് ഫണ്‍വേള്‍ഡ് കാര്‍ഷിക മേള സംഘടിപ്പിക്കാറുണ്ടെന്നും അതിന്റെ കൂട്ടത്തില്‍ ഈ മേളയും നടത്തുകയാണ് അവരുടെ ലക്ഷ്യമെന്നും പരാതി ഉയരുന്നുണ്ട്. ഒരുവെടിക്ക് രണ്ട് പക്ഷിയെന്നുള്ള ഫണ്‍വേള്‍ഡിന്റെ നിലപാടിനെ സഹായിക്കുന്ന അധികൃത മനോഭാവത്തിനെതിരെ കൃഷിവകുപ്പിലെ ഉന്നതര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.