2022 ല്‍ ചൈനയെ പിന്തള്ളി ഇന്ത്യ ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കും

single-img
31 July 2015

india-population-2050

ലോക ജനസംഖ്യയില്‍ 2022 ല്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍. 2050ഓടെ ലോക ജനസംഖ്യ 1000 കോടിക്കടുത്ത് എത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും.

നിലവില്‍ ഏകദേശം 138 കോടിയാണ് ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ. ഇന്ത്യയുടേത് 131 കോടിയും. 2022നു ശേഷവും ദശാബ്ദങ്ങളോളം ഇന്ത്യയുടെ ജനസംഖ്യയില്‍ കാര്യമായി വളര്‍ച്ചയുണ്ടാകും. 2030ഓടെ 150 കോടിയും 2050ല്‍ 170 കോടിയും ആയി വര്‍ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ആഫ്രിക്കയിലെ ഇപ്പോഴത്തെ ജനസംഖ്യ ഇരട്ടിയാകുമെന്നും യുഎന്‍ ടൈം ഫോര്‍ ഗ്ലോബല്‍ ആക്ഷന്‍ ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2050ഓടെ ലോക ജനസംഖ്യയില്‍ നൈജീരിയ മൂന്നാം സ്ഥാനം നേടും. 2100ഓടെ അന്‍ഗോള, ബുറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മലാവി, നൈജീരിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ധിക്കുമെന്നും പറയുന്നു.

2100 ആകുമ്പോഴേക്കും ലോക ജനസംഖ്യ 11.2 ബില്യണാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, എത്യോപ്യ, യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയ, യുഎസ്, ഇന്തോനേഷ്യ, ഉഗാണ്ട എന്നിവിടങ്ങളിലായിരിക്കും ജനസംഖ്യവര്‍ധിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.