അഡ്വക്കേറ്റ് ജനറല്‍ ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം • ഇ വാർത്ത | evartha
Latest News

അഡ്വക്കേറ്റ് ജനറല്‍ ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

kerala-high-court

അഡ്വക്കേറ്റ് ജനറല്‍ ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി റജിസ്ട്രാര്‍ക്ക് നേരിട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എജി ഓഫിസ് പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ എജി ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഇത്തവണയും വിമര്‍ശനം ഉന്നയിച്ചത്. ചില കേസുകളില്‍ എജിയുടെ ഓഫിസിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തെറ്റായ വിവരം നല്‍കുന്നതായും ജസ്റ്റിസ് കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ച ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ എജി ഓഫീസിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ എജി ഓഫീസ് പൂട്ടുന്നതാണ് നല്ലതെന്നും ബാര്‍ കേസില്‍ ഹാജരായ അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശമെന്നും കോടതി ചോദിച്ചിരുന്നു.