അമേരിക്കക്കാരുള്‍പ്പെടെയുള്ള വിദേശിയര്‍ക്ക് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ലണ്ടനെ പിന്‍തള്ളി ദുബായ് ഒന്നാം സ്ഥാനത്തെത്തി

single-img
30 July 2015

dubai_marine_beach_resort_and_spa_sky_view

വിദേശ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട ഇടമായി ദുബായ്. ഏഷ്യന്‍, അറബ്, യൂറോപ്യന്‍ തൊഴിലന്വേഷകര്‍ക്കു പിന്നാലെ അമേരിക്കക്കാരും ദുബായ് തേടി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശത്ത് ജോലി ചെയ്യാനാഗ്രഹിക്കുന്ന അമേരിക്കന്‍ പൗരന്‍മാര്‍ ദുബായ് തങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലണ്ടനായിരുന്നു ഇത്രയും കാലം അമേരിക്കക്കാരുടെ പ്രിയപ്പെട്ട നഗരം. ലണ്ടനെ പിന്തള്ളിയാണ് ദുബായ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പാരീസ് കണക്കില്‍ മൂന്നാം സ്ഥാനത്താണ്. ഏറ്റ്‌ന ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. 2006 മുതല്‍ ഈ പട്ടികയില്‍ ആദ്യ സ്ഥാനം അലങ്കരിച്ചിരുന്ന ലണ്ടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 2013 മുതല്‍ ദുബായ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

2013ലെ കണക്കനുസരിച്ച് 7.8 മില്യണ്‍ പ്രവാസികള്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 40,000 പേര്‍ അമേരിക്കക്കാരാണ്. സിംഗപ്പൂര്‍, റോം എന്നിവിടങ്ങലിലേക്കും അമേരിക്കക്കാര്‍ ചേക്കേറുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ നികുതിഭാരവും ബാങ്കിംഗ് നിയന്ത്രണങ്ങളും കാരണം ഒട്ടേറെപ്പേര്‍ വിദേശങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് വിവരം. 2014ല്‍ 3415 അമേരിക്കക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ 1335 പേര്‍ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.