മാരകവിഷം തളിച്ച പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കേരളം അതിര്‍ത്തിയില്‍ തടഞ്ഞാല്‍ കേരളത്തിലേക്കുള്ള റോഡുകള്‍ തടയുമെന്ന് തമിഴ്‌നാട് കര്‍ഷക സംഘടനകള്‍

single-img
29 July 2015

BL11KERALA_690536f

ആഗസ്ത് നാല് മുതല്‍ ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ ഇല്ലാതെ കൊണ്ടുവരുന്ന പച്ചക്കറികള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേരളം തടഞ്ഞാല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി റോഡുകള്‍ ഉപരോധിക്കുകയും കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയുകയും ചെയ്യുമെന്നു കാണിച്ച് കര്‍ഷക സംഘടനകളുടെ പോസ്റ്റര്‍ അതിര്‍ത്തികളില്‍ പ്രത്യക്ഷപ്പെട്ടു. വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ കേരളം കര്‍ശന നടപടികള്‍ സ്വീകരിച്ചതാണ് തമിഴ്‌നാട് കര്‍ഷക സംഘടനകളുടെ പ്രകോപനത്തിന് കാരണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച കീടനാശിനികള്‍ തമിഴ്‌നാട്ടിലെ പച്ചക്കറികൃഷിയിടങ്ങളില്‍ വളരെ ചെറിയ അളവില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും അതുകൊണ്ട് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പച്ചക്കറി അതിര്‍ത്തി കടത്തണമെന്നുമാണ് തമിഴ്‌നാട് കര്‍ഷകരുടെ വാദം. പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പച്ചക്കറികള്‍ നികുതിരഹിതമായി പച്ചക്കറികള്‍ കേരളത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ തമിഴ്‌നാട് കൃഷി വകുപ്പും ഫുഡ് സേഫ്റ്റി വിഭാഗവും പച്ചക്കറി വ്യാപാരികളുടെയും കര്‍ഷകരുടെയും യോഗം വിളിച്ച് ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം ലഭിച്ചതോടെയാണ് കേരളത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി തമിഴ്‌നാട് കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകരുെട നിലനില്പിന് ഭീഷണിയാണ് കേരളത്തിന്റെ നടപടികളെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.