പാകിസ്താന്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ പേടിച്ച് അതിര്‍ത്തിയിലെ ജനങ്ങള്‍ എപ്പോഴും ഭീതിയോടെ കഴിയുമ്പോള്‍ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് സൗരവ് ഗാംഗുലി

single-img
29 July 2015

sourav_ganguly

കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുളള ക്രിക്കറ്റ് ബന്ധം പുനപരിശോധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഈ ആവശ്യം ഉന്നയിച്ച് ബിസിസിഐയും രംഗത്ത് വന്നിരുന്നു. ബിസിസിഐ ആവശ്യപ്പെട്ടത് ന്യായമായ കാര്യമാണെന്നും കളിക്ക് മുമ്പ് തീവ്രവാദം പൂര്‍ണമായും ഇല്ലാതാകേണ്ടതാണെന്നും ഗാംഗുലി പറഞ്ഞു.

മനുഷ്യര്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും തീവ്രവാദം അമര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിര്‍ത്തിയിലെ ജനങ്ങള്‍ എപ്പോഴും ഭീതിയോടെ കഴിയുമ്പോള്‍ ഇത്രയും പ്രാധാന്യമുളള പരമ്പര നടത്താന്‍ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇന്ത്യപാകിസ്താന്‍ പരമ്പരയെ എപ്പോഴും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഭീകരാക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രം പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം ചിന്തിച്ചാല്‍ മതിയെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

ക്രിക്കറ്റും തീവ്രവാദി ആക്രമണവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും ഭീകരാക്രമണങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം ഉണ്ടാകുകയുള്ളൂവെന്നും ഇന്നലെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു.